---
title: "കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; മുപ്പതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി"
english_title: "Kolkata building collapse, Workers trapped under debris"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368105/kolkata-building-collapse-workers-trapped-under-debris"
published_at: "2026-06-24T16:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb6de4f5c1_Kolkata_building_collapse,_Workers_trapped_under_debris.jpg"
keywords: ["Latest News", "Building Collapse", "Taratala Warehouse", "Kolkata"]
---

# കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; മുപ്പതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി

> **Lead Summary:** കൊൽക്കത്ത: കൊൽക്കത്തയിലെ തരതലയിൽ വെയർഹൗസിന്റെ (സംഭരണശാല) മേൽക്കൂര തകർന്നു വീണ് വൻ അപകടം. നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടസമയത്ത് നിരവധി തൊഴിലാളികൾ ഇവിടെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ മുപ്പതിലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

കൊൽക്കത്ത: കൊൽക്കത്തയിലെ തരതലയിൽ വെയർഹൗസിന്റെ (സംഭരണശാല) മേൽക്കൂര തകർന്നു വീണ് വൻ അപകടം. നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടസമയത്ത് നിരവധി തൊഴിലാളികൾ ഇവിടെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ മുപ്പതിലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇതുവരെ 10 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അപകടസമയത്ത് താഴത്തെ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇരുമ്പ് ബീമുകളും കോൺക്രീറ്റും തകർന്നു വീണതിനെ തുടർന്ന് നിരവധി തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന വലിയ ഇരുമ്പ് ബീമുകൾ നീക്കം ചെയ്യാൻ ക്രെയിനുകളും, അവ മുറിച്ചുമാറ്റാൻ ഗ്യാസ് കട്ടറുകളും ഉപയോഗിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറന്നു.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 1070, 8697981070, 033-22143526 / 22535185.

വെയർഹൗസിന്റെ നിർമ്മാണത്തിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് അഗ്നിശമന വകുപ്പ് പറയുന്നു. കൂടാതെ പ്രദേശത്ത് വലിയ തോതിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എന്നാൽ ഇപ്പോൾ കൂടുതൽ ആളുകളെ ജീവനോടെ രക്ഷപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി ഇന്ദ്രനിൽ ഖാൻ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368105/kolkata-building-collapse-workers-trapped-under-debris)