---
title: "മുംബൈയിൽ ഓടുന്ന ട്രെയിനിൽ ദാരുണ കൊലപാതകം; മഴവെള്ളം കയറാത്തവിധം വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു"
english_title: "Mumbai train murder, Mayank Lohar murder, Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368094/mumbai-train-murder-mayank-lohar-murder-mumbai"
published_at: "2026-06-24T15:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3baef3a16d2_Mumbai_train_murder,_Mayank_Lohar_murder,_Mumbai.jpg"
keywords: ["Latest News", "Mumbai Train Murder", "Mayank Lohar Murder", "Mumbai"]
---

# മുംബൈയിൽ ഓടുന്ന ട്രെയിനിൽ ദാരുണ കൊലപാതകം; മഴവെള്ളം കയറാത്തവിധം വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** മുംബൈ: കനത്ത മഴയ്ക്കിടെ ഓടുന്ന ട്രെയിനിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. മയങ്ക് ലോഹാർ എന്ന യാത്രക്കാരനാണ് ട്രെയിനിനകത്ത് വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ചർച്ച്ഗേറ്റിൽ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയിൽ കനത്ത മഴ പെയ്യുന്നതിനിടയിൽ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായത്.

## Article Content

മുംബൈ: കനത്ത മഴയ്ക്കിടെ ഓടുന്ന ട്രെയിനിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. മയങ്ക് ലോഹാർ എന്ന യാത്രക്കാരനാണ് ട്രെയിനിനകത്ത് വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ചർച്ച്ഗേറ്റിൽ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയിൽ കനത്ത മഴ പെയ്യുന്നതിനിടയിൽ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായത്.

കനത്ത മഴ പെയ്യുന്നതിനിടയിൽ ട്രെയിനിനുള്ളിലേക്ക് വെള്ളം വീഴുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് കോച്ചിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മയങ്കും മറ്റൊരു യാത്രക്കാരനും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ മറ്റ് ചില യാത്രക്കാർ ഇടപെട്ട് പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി തന്റെ ബാഗിൽ നിന്ന് കത്തി പുറത്തെടുത്ത് മയങ്കിനെ കുത്തി വീഴ്ത്തുകയായിരുന്നു എന്ന് റെയിൽവേ പൊലീസ് പറഞ്ഞു. കുത്തേറ്റ മയങ്ക് സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.

കൊലപാതകത്തിന് ശേഷം ചോരപുരണ്ട കത്തിയുമായി പ്രതി കമ്പാർട്ടുമെന്റിലൂടെ നടന്നു നീങ്ങുന്നതിന്റെയും, ഭയന്നുവിറച്ച യാത്രക്കാർ മാറിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിയെ തടയാനോ പിടികൂടാനോ ആരും ധൈര്യപ്പെട്ടില്ല. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനായി ഏഴ് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബോറിവലി റെയിൽവേ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368094/mumbai-train-murder-mayank-lohar-murder-mumbai)