---
title: "അരുണാചലിൽ കനത്ത പ്രളയവും മണ്ണിടിച്ചിലും; മൂന്ന് പേരെ കാണാതായി, ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ"
english_title: "Heavy rain and landslides in Arunachal, Three people missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368092/heavy-rain-and-landslides-in-arunachal-three-people-missing"
published_at: "2026-06-24T15:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bab63cda98_Heavy_rain_and_landslides_in_Arunachal,_Three_people_missing.jpg"
keywords: ["Latest News", "Arunachal Floods", "Natural Disaster", "Assam Flood Alert"]
---

# അരുണാചലിൽ കനത്ത പ്രളയവും മണ്ണിടിച്ചിലും; മൂന്ന് പേരെ കാണാതായി, ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

> **Lead Summary:** ഇറ്റാന​ഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് വൻ വെള്ളപ്പൊക്കം. ലോവർ സുബൻസിരി, കെയ് പന്യോർ ജില്ലകളിലാണ് പ്രളയം കടുത്ത നാശം വിതച്ചത്. ശക്തമായ മഴയിൽ ഈ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും കൃഷിഭൂമിയും പൂർണ്ണമായി നശിക്കുകയും ചെയ്തു.

## Article Content

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് വൻ വെള്ളപ്പൊക്കം. ലോവർ സുബൻസിരി, കെയ് പന്യോർ ജില്ലകളിലാണ് പ്രളയം കടുത്ത നാശം വിതച്ചത്. ശക്തമായ മഴയിൽ ഈ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും കൃഷിഭൂമിയും പൂർണ്ണമായി നശിക്കുകയും ചെയ്തു.

കെയ് പന്യോർ ജില്ലയിലെ യസാലി സർക്കിളിൽ ഉൾപ്പെടുന്ന പൂസയ്ക്ക് സമീപമുള്ള നീപ്കോ (NEEPCO) പ്രോജക്ട് കോളനിയിൽ വെള്ളം കയറി മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. കോളനിയിലെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നതാണ് ഇവിടേക്ക് അതിശക്തമായി വെള്ളം ഇരച്ചുകയറാൻ കാരണമായത്. പ്രളയത്തിൽ കോളനിയിലെ 18 റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾക്ക് വൻ കേടുപാടുകൾ സംഭവിക്കുകയും ചിലത് പൂർണ്ണമായി തകരുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പോട്ടിൻ, ഹോജ് എന്നിവയ്ക്ക് സമീപം ദേശീയപാതയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടു. പ്രധാന ഹൈവേ പാലം ഒലിച്ചുപോയി. ലുക്സിൻ, യിയെ-I, യിയെ-II ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ലുക്സിൻ ഗ്രാമത്തിൽ വീടുകൾക്ക് പുറമെ കൈതച്ചക്ക, വാഴ, ഓറഞ്ച് തുടങ്ങിയ കാർഷിക വിളകൾക്ക് വലിയ നാശമുണ്ടായി.

രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘം പ്രദേശത്തേക്ക് തിരിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ യസാലിയിലെ എല്ലാ റിസർവ് ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. സഹായത്തിനായി മുൻ സൈനികരെയും സമീപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ രംഗനദി അണക്കെട്ടിന്റെ സ്പിൽവേ ഗേറ്റ് തുറന്ന് വെള്ളം പുറത്തുവിട്ടു. പദ്ധതിയിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചു.

അരുണാചലിലെ കനത്ത മഴയെ തുടർന്ന് അസമിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സർക്കാർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബ്രഹ്മപുത്ര നദിയിലും അതിന്റെ പോഷകനദികളിലും ജലനിരപ്പ് ഉയരുന്നതിനാൽ ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, സോണിത്പൂർ, ധുബ്രി എന്നീ ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചേക്കാം. നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും, ബോട്ടുകളിലും ചെറു കപ്പലുകളിലുമുള്ള യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.

യസാലി സ്റ്റേഷനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും ബുധനാഴ്ച രാവിലെ 6 നും 9 നും ഇടയിലുള്ള മൂന്ന് മണിക്കൂറിലാണ് പെയ്തത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴയ്ക്ക് പകരം ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയാണ് പർവത ചരിവുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വരാനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായത്. വരും ദിവസങ്ങളിലും ഈ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368092/heavy-rain-and-landslides-in-arunachal-three-people-missing)