---
title: "ഇങ്ങനെയുമുണ്ടോ ഒരു കള്ളൻ, റംബുട്ടാൻ വരെ അകത്താക്കി....! കാലിലിട്ട് അളവും പാകവും നോക്കി'; വയോധികന്റെ വീട്ടിൽ കയറി ചെരിപ്പ് മോഷ്ടിച്ച കള്ളന്റെ ദൃശ്യം പുറത്ത് "
english_title: "Video of thief who broke into elderly man's house and stole shoes released thamarassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368086/video-of-thief-who-broke-into-elderly-mans-house-and-stole-shoes-released-thamarassery-"
published_at: "2026-06-24T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ba6bd1c5b7_cctv.jpg"
keywords: ["Theft", "CCTV footage", "Shoe theft", "Thamarassery"]
---

# ഇങ്ങനെയുമുണ്ടോ ഒരു കള്ളൻ, റംബുട്ടാൻ വരെ അകത്താക്കി....! കാലിലിട്ട് അളവും പാകവും നോക്കി'; വയോധികന്റെ വീട്ടിൽ കയറി ചെരിപ്പ് മോഷ്ടിച്ച കള്ളന്റെ ദൃശ്യം പുറത്ത് 

> **Lead Summary:** **താമരശ്ശേരി: **വയോധികൻ മാത്രം താമസിക്കുന്ന വീട്ടിലെത്തിയ വഴിപോക്കന്റെ വേഷംകെട്ടിയ മോഷ്ടാവിന്റെ അഭ്യാസങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ നിവാസികൾ. റിട്ടയേർഡ് അധ്യാപകനായ അബദുറഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ മോഷണം നടന്നത്.

## Article Content

**താമരശ്ശേരി: **വയോധികൻ മാത്രം താമസിക്കുന്ന വീട്ടിലെത്തിയ വഴിപോക്കന്റെ വേഷംകെട്ടിയ മോഷ്ടാവിന്റെ അഭ്യാസങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ നിവാസികൾ. റിട്ടയേർഡ് അധ്യാപകനായ അബദുറഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ മോഷണം നടന്നത്.

വയോധികൻ മാത്രമുള്ള വീട്ടിൽ കയറിവന്ന് സഹായം ചോദിച്ച് ചെരിപ്പുമായി കടന്നുകളഞ്ഞ വഴിപോക്കന്റെ സിസിടിവി ദൃശ്യം പുറത്ത്. ആദ്യം പരിസരം വീക്ഷിച്ച മോഷ്ടാവ്, ചെരിപ്പ് സ്വന്തം കാലിലിട്ട് പാകമാണോ എന്ന് കൃത്യമായി അളന്നെടുത്തു. സംഗതി ഒത്തുവന്നതോടെ മര്യാദക്കാരനായി ചമഞ്ഞ് കോളിങ് ബെല്ലടിച്ചു.

പുറത്തുവന്ന അബദുറഹ്‌മാനോട് താൻ മുൻപ് പച്ചക്കറി വണ്ടിയിൽ നടന്ന് കച്ചവടം ചെയ്തിരുന്ന ആളാണെന്നും, ഇപ്പോൾ കാഴ്ചക്കുറവും കാലിന് പരിക്കുമുള്ളതിനാൽ സഹായിക്കണമെന്നും ഇയാൾ അഭ്യർത്ഥിച്ചു. വീട്ടുടമ പണമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ വീണ്ടും വീടിന്റെ ചുറ്റുപാടുകൾ പരിശോധിച്ചു.

അബദുറഹ്‌മാൻ നൽകിയ 50 രൂപ വാങ്ങിയ ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വീട്ടുടമ വെള്ളമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ സ്വന്തം കാലിലുണ്ടായിരുന്ന പഴയ ചെരിപ്പുകൾ അഴിച്ചു പറമ്പിലേക്ക് എറിയുകയും പകരം വീടിന് പുറത്തുണ്ടായിരുന്ന ചെരിപ്പുകൾ ധരിക്കുകയും ചെയ്തു. ഒടുവിൽ ഉടമ കൊണ്ടുവന്ന വെള്ളം കുടിച്ച്, മുറ്റത്ത് നിന്നിരുന്ന റംബുട്ടാൻ മരത്തിൽനിന്ന് പഴവും പറിച്ചാണ് മോഷ്ടാവ് സ്ഥലംവിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368086/video-of-thief-who-broke-into-elderly-mans-house-and-stole-shoes-released-thamarassery-)