---
title: "വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ പുഴയിലെറിഞ്ഞു കൊന്നു, പിന്നാലെ കാണാതായെന്ന് പരാതിയും; ഒടുവിൽ പത്തുവർഷത്തിനുശേഷം അഹമ്മദാബാദിൽ ഭർത്താവ് പിടിയിൽ"
english_title: "Sabarmati river murder, Husband arrested, Ahmedabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368073/sabarmati-river-murder-husband-arrested-ahmedabad"
published_at: "2026-06-24T14:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ba03bc4c1a_Sabarmati_river_murder,_Husband_arrested,_Ahmedabad.jpg"
keywords: ["Latest News", "Sabarmati River", "Crime Branch", "Murder Case"]
---

# വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ പുഴയിലെറിഞ്ഞു കൊന്നു, പിന്നാലെ കാണാതായെന്ന് പരാതിയും; ഒടുവിൽ പത്തുവർഷത്തിനുശേഷം അഹമ്മദാബാദിൽ ഭർത്താവ് പിടിയിൽ

> **Lead Summary:** അഹമ്മദാബാദ്: ഗുജറാത്തിലെ സബർമതി പുഴയിൽ ഒൻപത് വർഷം മുൻപ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ യുവതിയുടെ ഭർത്താവായ മിനേഷ് ദിനേഷ് ഭായ് സോളങ്കിയെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017-ലാണ് കോമൽബെൻ സോളങ്കി എന്ന യുവതിയെ സബർമതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

അഹമ്മദാബാദ്: ഗുജറാത്തിലെ സബർമതി പുഴയിൽ ഒൻപത് വർഷം മുൻപ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ യുവതിയുടെ ഭർത്താവായ മിനേഷ് ദിനേഷ് ഭായ് സോളങ്കിയെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017-ലാണ് കോമൽബെൻ സോളങ്കി എന്ന യുവതിയെ സബർമതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2017 ജൂൺ 25-ന് രഥയാത്ര ഉത്സവത്തിന്റെ ദിവസമാണ് മിനേഷ് ഭാര്യയെയും കൂട്ടി നഗരം കാണാനായി ഇറങ്ങിയത്. ദിവസം മുഴുവൻ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം അർധരാത്രിയോടെ ഇയാൾ ഭാര്യയെ സബർമതി റിവർഫ്രണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ കോമൽബെന്നിനെ ഇയാൾ എടുത്ത് പുഴയിലേക്ക് എറിയുകയായിരുന്നു. യുവതി മുങ്ങിമരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്.

കുറ്റകൃത്യം മറച്ചുവെക്കാൻ തൊട്ടടുത്ത ദിവസം തന്നെ മിനേഷ് കാലുപ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വ്യാജ പരാതിയും നൽകി. മണിക്കൂറുകൾക്ക് ശേഷം കോമൽബെന്നിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയെങ്കിലും അന്ന് ഇതൊരു അപകടമരണമായിട്ടാണ് പൊലീസ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഏകദേശം പത്ത് വർഷത്തോളം ഈ കൊലപാതകവിവരം പുറംലോകം അറിഞ്ഞതുമില്ല.

വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അടുത്തിടെ ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് പൊലീസ് പഴയ സാക്ഷിമൊഴികളും സാങ്കേതിക വിവരങ്ങളും വീണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് മിനേഷിന്റെ പങ്ക് വ്യക്തമായത്. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ തുടനടപടികൾക്കായി റിവർഫ്രണ്ട് വെസ്റ്റ് പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368073/sabarmati-river-murder-husband-arrested-ahmedabad)