---
title: "മുട്ട ഔട്ട്, പകരം ഇസ്കോണിന്റെ സസ്യഭക്ഷണം; കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റം"
english_title: "Changes in midday meal scheme in government and aided schools in Kolkata, ISKCON distributes vegetarian food"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368053/changes-in-midday-meal-scheme-in-government-and-aided-schools-in-kolkata-iskcon-distributes-vegetarian-food"
published_at: "2026-06-24T13:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b9520b6dc5_school_food.jpg"
keywords: ["Latest News", "Kolkata School Food", "ISKCON", "Vegetarian Food"]
---

# മുട്ട ഔട്ട്, പകരം ഇസ്കോണിന്റെ സസ്യഭക്ഷണം; കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റം

> **Lead Summary:** **കൊൽക്കത്ത: ** കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും മുട്ട ഒഴിവാക്കുന്നു.

## Article Content

**കൊൽക്കത്ത: ** കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും മുട്ട ഒഴിവാക്കുന്നു.

പകരമായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് (ഇസ്കോൺ) തയ്യാറാക്കുന്ന സസ്യഭക്ഷണം വിതരണം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

നിലവിലെ ക്രമീകരണമനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് മുട്ട നൽകിയിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം മുട്ടയ്ക്ക് പകരം പനീർ, രാജ്മ, സോയാബീൻ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പൂർണ്ണ സസ്യഭക്ഷണമായിരിക്കും നൽകുകയെന്ന് ഇസ്കോൺ കൊൽക്കത്ത വക്താവ് രാധാരാമൻ ദാസ് അറിയിച്ചു.

മുട്ടയിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ പോഷകങ്ങളും തത്തുല്യമായോ അതിൽ കൂടുതലോ ഈ ഭക്ഷണത്തിലൂടെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്കോണിന്റെ അന്നമിത്ര ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ മുട്ട, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ഇസ്കോണിന്റെ ഭക്ഷണരീതി മുൻപ് കർണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ബംഗാളിലെ പുതിയ ബിജെപി സർക്കാർ കുട്ടികളുടെ പോഷകാഹാരം നിഷേധിക്കുകയാണെന്നും സംസ്ഥാനത്ത് സസ്യഭക്ഷണം അടിച്ചേൽപ്പിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ വിമർശിച്ചു.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിലാണ് ഇസ്കോൺ ഉച്ചഭക്ഷണം നൽകുകയെന്ന് സംസ്ഥാന ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

ഇതിനോടൊപ്പം പ്രൈമറി സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള ചെലവ് ഒരു വിദ്യാർഥിയ്ക്ക് 6.7 രൂപയിൽ നിന്ന് 10 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

head

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368053/changes-in-midday-meal-scheme-in-government-and-aided-schools-in-kolkata-iskcon-distributes-vegetarian-food)