---
title: "വല്ലാത്ത ചെങ്ങായിതന്നെ ...! ഫോട്ടോ എടുത്ത് കമ്പനിയെ പറ്റിച്ചു, പിന്നാലെ ഭക്ഷണവുമായി സ്കൂട്ടറോടിച്ച് പോയി; സൊമാറ്റോ ഏജന്റിന്റെ കള്ളക്കളി ക്യാമറയിൽ കുടുങ്ങി"
english_title: "Zomato scam in Kolkata, delivery agent fails to deliver food to customer who ordered it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368044/zomato-scam-in-kolkata-delivery-agent-fails-to-deliver-food-to-customer-who-ordered-it"
published_at: "2026-06-24T13:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8fa014f8d_zomato.jpg"
keywords: ["Latest News", "Food Delivery App", "Zomato Scame", "Delivery Agent Cheating"]
---

# വല്ലാത്ത ചെങ്ങായിതന്നെ ...! ഫോട്ടോ എടുത്ത് കമ്പനിയെ പറ്റിച്ചു, പിന്നാലെ ഭക്ഷണവുമായി സ്കൂട്ടറോടിച്ച് പോയി; സൊമാറ്റോ ഏജന്റിന്റെ കള്ളക്കളി ക്യാമറയിൽ കുടുങ്ങി

> **Lead Summary:** **കൊൽക്കത്ത: **ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ പേരിൽ കൊൽക്കത്തയിൽ നടന്ന പുതിയൊരു തട്ടിപ്പിന്‍റെ വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

## Article Content

**കൊൽക്കത്ത: **ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ പേരിൽ കൊൽക്കത്തയിൽ നടന്ന പുതിയൊരു തട്ടിപ്പിന്‍റെ വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് അത് നൽകാതെ, 'ഡെലിവേർഡ്' എന്ന് ആപ്പിൽ രേഖപ്പെടുത്തിയ ശേഷം ഡെലിവറി ഏജന്‍റ് ആഹാരപ്പൊതിയുമായി കടന്നുകളയുകയായിരുന്നു. വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം ഉപഭോക്താവ് തിരിച്ചറിഞ്ഞത്.

കൊൽക്കത്ത സ്വദേശിയായ സുമിത് ചക്രവർത്തി എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സിസിടിവി ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ജൂൺ 20-ന് രാത്രി 10:40 ഓടെയായിരുന്നു നാടകീയമായ സംഭവം.

ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനായി ഏജന്‍റ് സുമിത്തിന്റെ വീട്ടുപടിക്കൽ എത്തിയിരുന്നു. തുടർന്ന് ഭക്ഷണം ഗേറ്റിനരികിൽ വെക്കുകയും, അത് ഉപഭോക്താവിന് കൈമാറിയെന്ന് കമ്പനിയെ ബോധ്യപ്പെടുത്താൻ മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തു.

പല ഡെലിവറി ആപ്പുകളിലും ഭക്ഷണം കൃത്യമായി എത്തിച്ചു എന്ന് കാണിക്കാൻ ഇത്തരത്തിൽ 'ഡെലിവറി പ്രൂഫ്' ആയി ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ ഫോട്ടോ എടുത്തതിന് തൊട്ടുപിന്നാലെ ആപ്പിൽ 'ഓർഡർ ഡെലിവേർഡ്' എന്ന് മാർക്ക് ചെയ്ത ഏജന്റ്, അവിടെ വെച്ചിരുന്ന ഭക്ഷണപ്പൊതി തിരികെ എടുത്ത് സ്കൂട്ടറിൽ വച്ച് സ്ഥലത്തുനിന്നും സ്ഥലം വിടുകയായിരുന്നു. ഡെലിവറി ഏജന്‍റ് ആപ്പിൽ നൽകിയ വ്യാജ പ്രൂഫിനെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സുമിത് ചക്രവർത്തി പുറത്തുവിട്ട ഹോം സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ.

സിസിടിവി ദൃശ്യങ്ങൾ സഹിതം ഉപഭോക്താവ് ഈ തട്ടിപ്പ് പുറത്തുവിട്ടതോടെ വൻ പ്രതിഷേധമാണ് ഇന്റർനെറ്റിൽ ഉയരുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഒരു 'പുതിയ തട്ടിപ്പ് രീതി' (New Scam) ആണിതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താവുമായി നേരിട്ട് സമ്പർക്കമില്ലാതെ വാതിലിലോ ഗേറ്റിലോ ഭക്ഷണം വെച്ചുപോകുന്ന 'നോ-കോൺടാക്ട് ഡെലിവറി' രീതിയുടെ മറവിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

സംഭവത്തിൽ തനിക്ക് പണം തിരികെ ലഭിക്കണമെന്നും ഡെലിവറി ഏജന്‍റിനെതിരെ കൃത്യമായ നടപടി വേണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കബളിപ്പിക്കലുകൾ തടയാൻ ഓർഡർ കൈമാറുന്ന സമയത്ത് ഒടിപി (OTP) വെരിഫിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ എല്ലാ ഓർഡറുകളിലും കൂടുതൽ കർശനമാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368044/zomato-scam-in-kolkata-delivery-agent-fails-to-deliver-food-to-customer-who-ordered-it)