---
title: "കഴുത്തിൽ നഖം കൊണ്ട പാടുകൾ, വെള്ളാറിൽ വയോധികന്റെ മരണത്തിൽ ദുരൂഹത; കൊലപാതക കുറ്റത്തിന് മകൻ അറസ്റ്റിൽ"
english_title: "Mystery surrounds death of elderly man in Vellar son arrested for murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368043/mystery-surrounds-death-of-elderly-man-in-vellar-son-arrested-for-murder"
published_at: "2026-06-24T13:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8fda1ebc4_murder_case_arrest.jpg"
keywords: ["Latest News", "Crime", "Murder Case", "Arrest", "Thiruvananthapuram"]
---

# കഴുത്തിൽ നഖം കൊണ്ട പാടുകൾ, വെള്ളാറിൽ വയോധികന്റെ മരണത്തിൽ ദുരൂഹത; കൊലപാതക കുറ്റത്തിന് മകൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: കോവളം വെള്ളാറിൽ വയോധികന്റെ മരണത്തിൽ ദുരൂഹത. മൂത്ത മകനെ കൊലപാതക കുറ്റത്തിന് അറസ്റ്റുചെയ്ത് കോവളം പോലീസ്. കോവളം വെള്ളാർ സ്വദേശി സുരേന്ദ്രൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂത്ത മകൻ രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: കോവളം വെള്ളാറിൽ വയോധികന്റെ മരണത്തിൽ ദുരൂഹത. മൂത്ത മകനെ കൊലപാതക കുറ്റത്തിന് അറസ്റ്റുചെയ്ത് കോവളം പോലീസ്. കോവളം വെള്ളാർ സ്വദേശി സുരേന്ദ്രൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂത്ത മകൻ രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

സുരേന്ദ്രനും രാജീവും തമ്മിൽ വസ്തു പങ്കിടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മദ്യപിച്ചിത്തിയ രാജീവും സുരേന്ദ്രനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ രാജീവ് സുരേന്ദ്രന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിരുന്നു.

ആ വീഴ്ചയിലാണ് സുരേന്ദ്രൻ മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേന്ദ്രൻ. അമ്മ അറിയിച്ചതിനെത്തുടർന്ന് മറ്റു മക്കൾ വീട്ടിൽ എത്തുമ്പോൾ സുരേന്ദ്രൻ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുരേന്ദ്രന്റെ കഴുത്തിലും മറ്റും കണ്ട നഖത്തിന്റെ പാടുകളാണ് പോലീസിൽ സംശയം ഉണർത്തിയത്. തുടർന്ന് മൂത്ത മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368043/mystery-surrounds-death-of-elderly-man-in-vellar-son-arrested-for-murder)