---
title: "വീര്യം കുറഞ്ഞ മദ്യനയം; ഭരണത്തിൽ എത്തുന്നതിന് മുൻപേ വി ഡി സതീശൻ അഴിമതി നടത്തി, സർക്കാരിനെതിരെ ഡി വൈ എഫ് ഐ; പലയിടത്തും സംഘർഷം"
english_title: "DYFI against government's low-potency liquor policy; clashes in many places"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368026/dyfi-against-governments-low-potency-liquor-policy-clashes-in-many-places"
published_at: "2026-06-24T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8578eea4b_DYFI.jpg"
keywords: ["Low-strength liquor policy", "DYFI", "Conflict", "UDF government"]
---

# വീര്യം കുറഞ്ഞ മദ്യനയം; ഭരണത്തിൽ എത്തുന്നതിന് മുൻപേ വി ഡി സതീശൻ അഴിമതി നടത്തി, സർക്കാരിനെതിരെ ഡി വൈ എഫ് ഐ; പലയിടത്തും സംഘർഷം

> **Lead Summary:** **തിരുവനന്തപുരം: ** വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി.

## Article Content

**തിരുവനന്തപുരം: ** വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി.

മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായത്. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

ആലപ്പുഴയിലും കോഴിക്കോടും തൃശൂരും പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ, കൊച്ചിയിലെ പ്രതിഷേധം ഡിവൈഎഫ്ഐ അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും കൂടുതൽ പ്രതിഷേധവുമായി രം​ഗത്തുവരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

ഭരണത്തിൽ എത്തുന്നതിന് മുൻപ് തന്നെ അഴിമതി നടത്തിയ വ്യക്തിയാണ് വിഡി സതിശനെന്ന് കോഴിക്കോട് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സച്ചിൻ ദേവ് പറഞ്ഞു.

ആ കരാറിലെ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. കർണാടകയിലെ മദ്യലോബിയുമായി കരാറുണ്ടാക്കി. ബക്കാർഡി കമ്പനിക്ക് കേരളത്തിൽ എല്ലാ സഹായവും നൽകാമെന്ന് വിഡി സതീശൻ വാഗ്ദാനം ചെയ്തു. വിഡി സതീശനെതിരെ ചെന്നിത്തല ഒളിയമ്പെയ്യുകയാണ്.

സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് കരാറുണ്ടാക്കുമ്പോൾ ചെന്നിത്തല തൂഫാനുമായി വരുന്നു. ഞങ്ങൾ ഇപ്പോൾ ബാരിക്കേഡ് ഒന്ന് ഇളക്കുക മാത്രമാണ് ചെയ്തത്. വീര്യം കുറഞ്ഞ മദ്യമായതുകൊണ്ട് വീര്യം കുറഞ്ഞ സമരമാക്കിയതല്ല ഞങ്ങൾ. ഇപ്പോൾ ഞങ്ങളുടെ തീരുമാനമാണ്. ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് നടത്തി പറയാനുള്ളത് പറയുമെന്നും പക്ഷേ മറിച്ചൊരു ഘട്ടത്തിൽ ഈ സർക്കാരിനെ തിരുത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചാൽ അതിനുള്ള ശേഷി ഞങ്ങൾക്കുണ്ടെന്നും സച്ചിൻദേവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368026/dyfi-against-governments-low-potency-liquor-policy-clashes-in-many-places)