---
title: "'ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും' - മേയർ വി വി രാജേഷ്"
english_title: "Councilors will take the oath once again Thiruvannathapuram corporation Mayor VV Rajesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368007/councilors-will-take-the-oath-once-again-thiruvannathapuram-corporation-mayor-vv-rajesh"
published_at: "2026-06-24T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18226132fbc_24.jpg"
keywords: ["Latest News", "Thiruvannathapuram corporation Mayor", "VV Rajesh", "BJP Councillors", "Taking"]
---

# 'ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും' - മേയർ വി വി രാജേഷ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. കോടതി വിധി അംഗീകരിക്കുന്നു. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. കോടതി വിധി അംഗീകരിക്കുന്നു. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും.

കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കും. അപ്പീലിന് പോകില്ല. ഹൈക്കോടതി വിധി പൂർണ്ണമായി അംഗീകരിക്കും വി വി രാജേഷ് പറഞ്ഞു.

കോടതി വിധിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ബിജെപി. ജയിലിൽ ഉള്ള കൗൺസിലർ ആർ സുഗതൻ വിഷയം ഭരണത്തെ ബാധിക്കില്ലെന്ന് മേയർ. സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കം നടത്തും. സുഗതൻ ഇല്ലെങ്കിലും ഭരണം നിലനിർത്തുമെന്നാണ് മേയറുടെ ആത്മവിശ്വാസം. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഉള്ളത്. ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ വിധിയില്ല. കേസ് പരാതി നൽകിയവർക്കാണ് തിരിച്ചടി കിട്ടിയത്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതില്ല എന്നാണ് കോടതി പരാമർശം. മറ്റ് ചിലർ കൂടി പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. വിധി 101 പേർക്കും ബാധകമാണ്.

അവരുടെ കാര്യത്തിൽ കൂടി നിയമവശം പരിശോധിക്കും. കേസ് നൽകിയവരുടെ ഉദ്ദേശശുദ്ധിയിൽ പ്രശ്നമുണ്ട്. സെലക്ടീവായാണ് കേസ് നൽകിയത്. ആരെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രീണിപ്പിക്കാനോ ആണ് കേസ് നൽകിയത്. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വേറെയും കൗൺസിലർമാരുണ്ട്. രേഖകൾ പരിശോധിച്ച ശേഷം അക്കാര്യം പറയാം. പ്രതിപക്ഷ കൗൺസിലർ ആണെങ്കിലും അവർ പ്രതിസന്ധിയിൽ ആവരുതെന്നും വി വി രാജേഷ് പ്രതികരിച്ചു.

അതേസമയം, ​ഗണ​ഗീതം പാടിയാണ് ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയതെന്ന് എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് പ്രതികരിച്ചു. മതവും വിശ്വാസവും സ്വകാര്യതയാണ്. അതിനെ വർ​ഗീയ രാഷ്ട്രീയത്തിനായി ഉപയോ​ഗിച്ചുവെന്ന് എസ്പി ദീപക് പറഞ്ഞു. 20 ദൈവങ്ങളെ പറഞ്ഞാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. നിയമലംഘനമാണ് നടന്നതെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭ ആര്‍എസ്എസ് കാര്യാലയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മതനിരപോക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ടവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍. എന്നാല്‍ ആദ്യം മുതലേ അത് ലംഘിച്ചു. പറഞ്ഞാല്‍ മനസിലാക്കാതെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 19 കേസുള്ള ആര്‍ സുഗതനെ മേയര്‍ ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് ദീപക് കുറ്റപ്പെടുത്തി. 45 ദിവസമായി കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടെന്ന് അദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368007/councilors-will-take-the-oath-once-again-thiruvannathapuram-corporation-mayor-vv-rajesh)