---
title: "ആർത്തവ ശുചിത്വം പാലിക്കാൻ സാധിക്കുന്നില്ല; 23കാരിയായ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി"
english_title: "Unable to maintain menstrual hygiene; High Court grants permission to remove 23-year-old woman's uterus."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367985/unable-to-maintain-menstrual-hygiene-high-court-grants-permission-to-remove-23-year-old-womans-uterus"
published_at: "2026-06-24T11:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6dd151a12_court.jpg"
keywords: ["Menstrual hygiene", "uterus", "High Court"]
---

# ആർത്തവ ശുചിത്വം പാലിക്കാൻ സാധിക്കുന്നില്ല; 23കാരിയായ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി

> **Lead Summary:** **ബെംഗളൂരു: ** മാനസിക വളർച്ചാ വൈകല്യം നേരിടുന്ന 23 വയസ്സുള്ള യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ കർണാടക ഹൈക്കോടതി അനുമതി നൽകി.

## Article Content

**ബെംഗളൂരു: ** മാനസിക വളർച്ചാ വൈകല്യം നേരിടുന്ന 23 വയസ്സുള്ള യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ കർണാടക ഹൈക്കോടതി അനുമതി നൽകി.

ആർത്തവ ശുചിത്വം പാലിക്കാൻ യുവതിക്ക് സാധിക്കുന്നില്ലെന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലിലാണ് കോടതിയുടെ ഈ അപൂർവ്വ ഉത്തരവ്. യുവതിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റേതാണ് ഉത്തരവ്.

രോഗിയുടെ ആരോഗ്യം, ശുചിത്വം, അന്തസ് എന്നിവ പരിഗണിച്ചാണ് ഈ ശിപാർശ നൽകിയിട്ടുള്ളത്. ആർത്തവ സമയത്തെ വ്യക്തിശുചിത്വം പാലിക്കാൻ കഴിയാത്തത് മൂലം ആവർത്തിച്ചുള്ള അണുബാധകൾ, പനി, നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നുണ്ടെന്നാണ് മാതാപിതാക്കൾ കോടതിയെ ബോധിപ്പിച്ചത്.

പ്രായത്തിനനുസരിച്ചുള്ള ശാരീരികമോ മാനസികമോ ആയ വളർച്ച കൈവരിക്കാൻ സാധിക്കാത്ത 'ഗ്ലോബൽ ഡെവലപ്‌മെന്റൽ ഡിലേ' എന്ന അവസ്ഥയാണെന്നും പ്രായം കൊണ്ട് 23 വയസുണ്ടെങ്കിലും ചിന്താശേഷി വളർച്ചയിൽ യുവതി വളരെ പിന്നിലാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.

ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ വാണി വിലാസ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഒരിക്കലും രോ​ഗിയുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള വന്ധ്യകരണമല്ലിതെന്നും കോടതി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പ് കൗൺസിലിങ് തുടങ്ങിയ പിന്തുണ നൽകണമെന്നും മെഡിക്കൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367985/unable-to-maintain-menstrual-hygiene-high-court-grants-permission-to-remove-23-year-old-womans-uterus)