---
title: "മഞ്ഞും മലനിരകളും തീർക്കുന്ന വിസ്മയം; മേഘങ്ങളുടെ കടൽ തേടി മീശപ്പുലിമലയിലേക്ക്"
english_title: "Meesapulimala Trekking, Munnar Tourism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367979/meesapulimala-trekking-munnar-tourism"
published_at: "2026-06-24T10:51:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6cea6ce31_meesapulimala.jpg"
keywords: ["Travel", "Meesapulimala Trekking", "MunnarTourism"]
---

# മഞ്ഞും മലനിരകളും തീർക്കുന്ന വിസ്മയം; മേഘങ്ങളുടെ കടൽ തേടി മീശപ്പുലിമലയിലേക്ക്

> **Lead Summary:** **[**കേരളത്തിലെ ഇടുക്കി ജില്ലയിൽ, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് സമീപമാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.

## Article Content

**[**കേരളത്തിലെ ഇടുക്കി ജില്ലയിൽ, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് സമീപമാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ കൊടുമുടി മൂന്നാർ ടൗണിൽ നിന്നും ഏകദേശം 24 കിലോമീറ്റർ മാറി കണ്ണൻ ദേവൻ ഹിൽസ് വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്.

കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.

ഇവിടുത്തെ ട്രെക്കിങ്ങിന്റെ പ്രധാന ആകർഷണമാണ് അപൂർവ്വമായി മാത്രം കാണപ്പെടുന്ന 'റോഡോഡെൻഡ്രോൺ' മരങ്ങളും, അവയിൽ ചുവന്നുതുടുത്തു നിൽക്കുന്ന പൂക്കളും നിറഞ്ഞ 'റോഡോ വാലി'യാണ്.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം മലനിരകളെ നീലക്കടലാക്കി മാറ്റുന്ന നീലക്കുറിഞ്ഞികളുടെ പ്രധാന ആവാസവ്യവസ്ഥയും കൂടിയാണ് ഈ പ്രദേശം.

കഠിനമായ മലകയറ്റത്തിനൊടുവിൽ കൊടുമുടിയുടെ നെറുകയിൽ എത്തിച്ചേരുമ്പോൾ പ്രകൃതി ഒരുക്കുന്ന മറ്റൊരു അത്ഭുതമാണ് 'മേഘങ്ങളുടെ കടൽ'.

താഴെ വെളുത്ത മേഘങ്ങൾ പുതപ്പുകണക്കെ പരന്നുകിടക്കുന്ന ഈ അപൂർവ്വ പ്രതിഭാസവും, അതിനിടയിലൂടെയുള്ള മനോഹരമായ സൂര്യോദയവും ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്.

മീശപ്പുലിമലയുടെ കഠിനമായ ട്രെക്കിങ്ങിനൊടുവിൽ തിരിച്ചിറങ്ങുമ്പോൾ കാത്തിരിക്കുന്നത് അതിമനോഹരമായ മറ്റൊരു ദൃശ്യവിരുന്നാണ് തൊട്ടടുത്തുതന്നെതലയുയർത്തി നിൽക്കുന്ന കൊളുക്കുമല മലനിരകൾ.

പച്ചപ്പുതച്ച തേയിലത്തോട്ടങ്ങളും താഴ്‌വരകളെ പുണരുന്ന കോടമഞ്ഞും ഒത്തുചേരുന്ന ഇവിടുത്തെ പ്രകൃതിഭംഗി സഞ്ചാരികളുടെ കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കും.

ആകാശത്തോളം ഉയർന്ന ഈ മലനിരകളുടെ വശ്യത ആസ്വദിച്ച് മടങ്ങുന്ന വഴിയിൽ, കൊളുക്കുമല ടീ ഔട്ട്‌ലെറ്റുകളിൽ നിന്നും ലഭിക്കുന്ന തനതായ നാടൻ ചായ മാത്രം മതി യാത്രാക്ഷീണമത്രയും മാറ്റാൻ.

മലമുകളിലെ തണുത്ത കാറ്റേറ്റ്, ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങളിൽ നിന്നുള്ള ആ കടുപ്പമേറിയ ചൂടുചായ കുടിക്കുന്നത് ഏതൊരു സഞ്ചാരിക്കും ഒരു പുതിയൊരു അനുഭവം തന്നെയാണ് സമ്മാനിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367979/meesapulimala-trekking-munnar-tourism)