---
title: "ലോകത്തെ ഞെട്ടിച്ച് നെതർലൻഡ്; 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ആദ്യമായി ദയാവധം നൽകി"
english_title: "Netherlands euthanasia granted to a child under 12 for the first time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367941/netherlands-euthanasia-granted-to-a-child-under-12-for-the-first-time"
published_at: "2026-06-24T09:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b579b882f3_boy.jpg"
keywords: ["Netherlands", "Child", "Euthanasia Act"]
---

# ലോകത്തെ ഞെട്ടിച്ച് നെതർലൻഡ്; 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ആദ്യമായി ദയാവധം നൽകി

> **Lead Summary:** **ആംസ്റ്റർഡാം : ** നെതർലൻഡിൽ ദയാവധ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷം, 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ആദ്യമായി ദയാവധം നടപ്പാക്കി. ഗുരുതരമായ അസുഖം ബാധിച്ച് അസഹനീയമായ വേദന അനുഭവിച്ചിരുന്ന കുട്ടിക്കാണ് നിയമപരമായ നടപടിക്രമങ്ങളിലൂടെ അന്ത്യയാത്രയൊരുക്കിയത്.

## Article Content

**ആംസ്റ്റർഡാം : ** നെതർലൻഡിൽ ദയാവധ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷം, 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ആദ്യമായി ദയാവധം നടപ്പാക്കി. ഗുരുതരമായ അസുഖം ബാധിച്ച് അസഹനീയമായ വേദന അനുഭവിച്ചിരുന്ന കുട്ടിക്കാണ് നിയമപരമായ നടപടിക്രമങ്ങളിലൂടെ അന്ത്യയാത്രയൊരുക്കിയത്.

ഇക്കാര്യം രാജ്യത്തെ ആരോഗ്യമന്ത്രി സോഫി ഹെർമൻസ് പാർലമെന്റിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദയാവധവും ഗർഭച്ഛിദ്രവും സംബന്ധിച്ച കേസുകൾ പരിശോധിക്കുന്ന സ്വതന്ത്ര സമിതിയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുട്ടിക്ക് 12 വയസ്സിൽ താഴെ പ്രായമായിരുന്നുവെന്നും ഗുരുതരമായ രോഗം ബാധിച്ചിരുന്നുവെന്നും മാത്രമാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യത കണക്കിലെടുത്ത് മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2024ൽ നിലവിൽ വന്ന നിയമഭേദഗതിയോടെയാണ് ഒന്നുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും കർശന വ്യവസ്ഥകളോടെ ദയാവധം അനുവദിച്ചത്. അതിന് മുമ്പ് നവജാത ശിശുക്കൾക്കും 12 വയസ്സിന് മുകളിലുള്ളവർക്കുമായിരുന്നു നിയമം ബാധകമായിരുന്നത്.

കുട്ടി അസഹനീയമായ വേദന അനുഭവിക്കുന്നുണ്ടാകണം, രോഗം ഭേദമാകാൻ യാതൊരു സാധ്യതയും ഉണ്ടാകരുത്, മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരിക്കണം, ചികിത്സിക്കുന്ന ഡോക്ടർക്കു പുറമേ മറ്റൊരു ഡോക്ടറുടെ സ്വതന്ത്ര അഭിപ്രായവും ലഭിച്ചിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ പാലിച്ച ശേഷമാണ് ദയാവധത്തിന് അനുമതി നൽകുന്നത്.

ഈ കേസിൽ നിയമനടപടികൾ പൂർണമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേസ് പൊതുപ്രോസിക്യൂഷൻ സർവീസിന് കൈമാറിയിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷമാകും അന്തിമ റിപ്പോർട്ട് പുറത്തുവരിക. സംഭവത്തിൽ ഇതിനകം രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. പക്ഷേ വിവാദങ്ങൾക്ക് നെതർലൻഡ് ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367941/netherlands-euthanasia-granted-to-a-child-under-12-for-the-first-time)