---
title: "പുകവലി ചിത്രം നീക്കിയില്ലെങ്കിൽ പണി കിട്ടും; ആലപ്പുഴയിൽ ലോകകപ്പ് ബാനറുകൾ സ്റ്റിക്കറൊട്ടിച്ച് മറച്ച് ആരാധകർ"
english_title: "Fans cover up cigarette-smoking image on football banners with stickers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367940/Fans-cover-up-cigarette-smoking-image-on-football-banners-with-stickers-NEW"
published_at: "2026-06-24T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b5add132cf_CDRFGD.jpg"
keywords: ["latest news", "Fans", "football banners", "cigarette-smoking image", "stickers", "FIFA"]
---

# പുകവലി ചിത്രം നീക്കിയില്ലെങ്കിൽ പണി കിട്ടും; ആലപ്പുഴയിൽ ലോകകപ്പ് ബാനറുകൾ സ്റ്റിക്കറൊട്ടിച്ച് മറച്ച് ആരാധകർ

> **Lead Summary:** ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബാനറുകളിൽ നിന്ന് ചുരുട്ട് വലിക്കുന്ന ചിത്രങ്ങൾ ആരാധകർ സ്റ്റിക്കറൊട്ടിച്ച് മറച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ആരാധകരുടെ ഈ അടിയന്തര നടപടി.

## Article Content

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബാനറുകളിൽ നിന്ന് ചുരുട്ട് വലിക്കുന്ന ചിത്രങ്ങൾ ആരാധകർ സ്റ്റിക്കറൊട്ടിച്ച് മറച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ആരാധകരുടെ ഈ അടിയന്തര നടപടി.

അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച ബാനറുകളിലായിരുന്നു പ്രമുഖ താരങ്ങൾ ചുരുട്ട് വലിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നത്. പൊതുസ്ഥലങ്ങളിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് പുകയില ഉൽപ്പന്നങ്ങളുടെ പരോക്ഷമായ പരസ്യമായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്.

പുകയില ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ പരോക്ഷമായോ ഉള്ള പരസ്യങ്ങളും പ്രചാരണങ്ങളും നിയമവിരുദ്ധമാണ്. ലോകകപ്പ് പോസ്റ്ററുകളുടെ പേരിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. നിയമലംഘനം തുടരുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

തുടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗൺസിലർമാർ വഴി ആരോഗ്യ വകുപ്പ് ആരാധകർക്ക് നിർദ്ദേശം നൽകുകയായിരുന്നു. നിയമനടപടി ഒഴിവാക്കാനായി ബാനറുകൾ പൂർണ്ണമായി മാറ്റാതെ, ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കർ ഉപയോഗിച്ച് മറയ്ക്കുകയാണ് ആരാധകർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367940/Fans-cover-up-cigarette-smoking-image-on-football-banners-with-stickers-NEW)