---
title: "മാല മോഷണം പോയതിൽ വിളിപ്പിച്ചു; മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയ പതിനാറുകാരനെ എസ്‌ഐ മുഖത്ത് അടിച്ചതായി പരാതി"
english_title: "Complaint that a 16-year-old boy who came to the police station with his grandmother was slapped in the face by an SI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367934/complaint-that-a-16-year-old-boy-who-came-to-the-police-station-with-his-grandmother-was-slapped-in-the-face-by-an-si"
published_at: "2026-06-24T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b50054b44f_police_station.jpg"
keywords: ["Latest News", "Njarakkal Police Station", "Njarakkal Police Station SI", "Complaint"]
---

# മാല മോഷണം പോയതിൽ വിളിപ്പിച്ചു; മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയ പതിനാറുകാരനെ എസ്‌ഐ മുഖത്ത് അടിച്ചതായി പരാതി

> **Lead Summary:** **കൊച്ചി: **സ്റ്റേഷനില്‍വെച്ച് എസ്‌ഐ 16കാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ സ്റ്റേഷനിലെ എസ്‌ഐ അരുണ്‍ എ എസിനെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

## Article Content

**കൊച്ചി: **സ്റ്റേഷനില്‍വെച്ച് എസ്‌ഐ 16കാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ സ്റ്റേഷനിലെ എസ്‌ഐ അരുണ്‍ എ എസിനെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

മുത്തശ്ശിക്കൊപ്പം സ്റ്റേഷനില്‍ എത്തിയ 16കാരനെ അകാരണമായി എസ്‌ഐ മർദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.  തന്റെ മാല നഷ്ടപ്പെട്ടു എന്ന് കാട്ടി ഒരു വീട്ടമ്മ ഞാറക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ പൊലീസ് പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരോട് സംസാരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ മുത്തശ്ശിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തുന്നത്.

ഇവര്‍ ആ പരിസരത്ത് നിന്ന് എന്തോ എടുക്കുന്നത് കണ്ടു എന്നായിരുന്നു ഒട്ടോ ഡ്രൈവര്‍മാരുടെ മൊഴി. ഞാറക്കല്‍ വെളിയത്താന്‍പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. എന്നാല്‍ താന്‍ ബാങ്കിലേക്ക് പോകും വഴി കയ്യിലുണ്ടായിരുന്ന പണം താഴെ വീണെന്നും ഇതാണ് എടുത്തതെന്നും വയോധിക വിശദീകരിച്ചിരുന്നു.

പിന്നാലെ വയോധികയുടെ മൊബൈല്‍ ഫോണ്‍ എസ്‌ഐ പരിശോധിച്ചിരുന്നു. ഇതില്‍ എന്തൊക്കയാണ് കാണുന്നതെന്ന് എസ്ഐ തിരക്കിയപ്പോള്‍ വയോധികയ്ക്ക് കേള്‍വി ശക്തി കുറവായതിനാല്‍ കുട്ടി മറുപടി നല്‍കുകയായിരുന്നു.

തൊട്ടുപിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ എസ്‌ഐ അരുണ്‍ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന് ശേഷം മാല നഷ്ടപ്പെട്ട സ്ത്രീ അവിടെ എത്തിയിരുന്നുവെന്നും പിന്നീട് ഈ വിഷയത്തെപ്പറ്റി യാതൊന്നും പൊലീസ് തങ്ങളോട് ചോദിച്ചില്ല എന്നും ഇവര്‍ പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ചെവി വേദന അനുഭവപ്പെട്ട കുട്ടിയെ ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തരമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഡിജിപിക്കുമാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞാറക്കല്‍ പൊലീസ് ആരോപണം നിഷേധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367934/complaint-that-a-16-year-old-boy-who-came-to-the-police-station-with-his-grandmother-was-slapped-in-the-face-by-an-si)