---
title: "അമ്മയേക്കാൾ വലുത്  മദ്യപാനം ....! മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, 70കാരിയെ മകളും കൊച്ചുമകനും ചേർന്ന് അടിച്ചുകൊന്നു"
english_title: "70-year-old woman beaten to death by her daughter and grandson for questioning her drinking habits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367870/70-year-old-woman-beaten-to-death-by-her-daughter-and-grandson-for-questioning-her-drinking-habits"
published_at: "2026-06-23T17:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a7134a6918_murder.jpg"
keywords: ["woman", "Beaten", "Habits", "Crime", "Murder"]
---

# അമ്മയേക്കാൾ വലുത്  മദ്യപാനം ....! മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, 70കാരിയെ മകളും കൊച്ചുമകനും ചേർന്ന് അടിച്ചുകൊന്നു

> **Lead Summary:** ** ബംഗളൂരു: **നടുക്കുന്ന ക്രൂരത ... ബംഗളൂരു കെങ്കേരിയിൽ മദ്യപാനം ചോദ്യംചെയ്തതിന് 70കാരിയെ മകളും കൊച്ചുമകനും ചേർന്ന് അടിച്ചുകൊന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

## Article Content

** ബംഗളൂരു: **നടുക്കുന്ന ക്രൂരത ... ബംഗളൂരു കെങ്കേരിയിൽ മദ്യപാനം ചോദ്യംചെയ്തതിന് 70കാരിയെ മകളും കൊച്ചുമകനും ചേർന്ന് അടിച്ചുകൊന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ജയമ്മ എന്ന വയോധികയുടെ മകൾ ഭാഗ്യലക്ഷ്മി, കൊച്ചുമകൻ കുശാൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ക്രിക്കറ്റ് ബാറ്റും മരവടിയും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, ഫ്ലാറ്റിലെ ഹാളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അയൽവാസിയായ ധനഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നോ നാലോ മാസമായി ഫ്ലാറ്റിലെ ഒന്നാം നിലയിൽ താമസിക്കുന്ന ഭാഗ്യലക്ഷ്മിയും മകൻ കുശാലും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇവരുടെ ശല്യം സഹിക്കാതായതോടെ മറ്റു താമസക്കാർ കുശാലിന്റെ പിതാവ് കൃഷ്ണ നായിക്കിനെ വിവരമറിയിക്കുകയും തുടർന്ന് എല്ലാവരും ചേർന്ന് യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരിച്ചെത്തിയ കുശാൽ അമ്മയ്ക്കൊപ്പം വീണ്ടും മദ്യപാനവും ബഹളവും ആരംഭിക്കുകയായിരുന്നു.

ഇതിനിടെയാണ് കൊല്ലപ്പെട്ട ജയമ്മ ഇവർക്കൊപ്പം താമസിക്കാനായി ഫ്ലാറ്റിലെത്തിയത്. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി ഇവരുടെ ഫ്ലാറ്റിൽനിന്ന് രൂക്ഷമായ തർക്കങ്ങൾ കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ജൂൺ 21ന് രാത്രിയും സമാനമായ രീതിയിൽ വലിയ ബഹളവും ജയമ്മയുടെ നിലവിളിയും കേട്ടിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ ഇവരുടെ മദ്യപാനത്തെ വീണ്ടും ജയമ്മ ചോദ്യം ചെയ്തതോടെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367870/70-year-old-woman-beaten-to-death-by-her-daughter-and-grandson-for-questioning-her-drinking-habits)