---
title: "ഇത് താണ്ടാ പോലീസ്! നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ആശങ്കയിലായ വിദ്യാർത്ഥിനിക്ക് തുണയായി എളമക്കര പോലീസ്; ഫോട്ടോയെത്തിച്ച് മാതൃകയായി"
english_title: "Police helped student at NEET exam center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367866/police-helped-student-at-neet-exam-center"
published_at: "2026-06-23T16:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a6d6952c2f_sdfghjk.jpg"
keywords: ["Latest News", "Ernakulam", "Helped The Student", "Kerala Police"]
---

# ഇത് താണ്ടാ പോലീസ്! നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ആശങ്കയിലായ വിദ്യാർത്ഥിനിക്ക് തുണയായി എളമക്കര പോലീസ്; ഫോട്ടോയെത്തിച്ച് മാതൃകയായി

> **Lead Summary:** **കൊച്ചി: [ **നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഫോട്ടോയില്ലാതെ എത്തി ആശങ്കയിലായ വിദ്യാർത്ഥിനിക്ക് രക്ഷകരായി എളമക്കര പോലീസ്. എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്കെത്തിയ വൈപ്പിൻ സ്വദേശിനി സന ജോസിനാണ് പോലീസിന്റെ ഇടപെടൽ തുണയായത്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ പക്കൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയില്ലെന്ന കാര്യം സന അറിയുന്നത്.

## Article Content

**കൊച്ചി: [ **നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഫോട്ടോയില്ലാതെ എത്തി ആശങ്കയിലായ വിദ്യാർത്ഥിനിക്ക് രക്ഷകരായി എളമക്കര പോലീസ്. എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്കെത്തിയ വൈപ്പിൻ സ്വദേശിനി സന ജോസിനാണ് പോലീസിന്റെ ഇടപെടൽ തുണയായത്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ പക്കൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയില്ലെന്ന കാര്യം സന അറിയുന്നത്.

ഒപ്പമുണ്ടായിരുന്ന ബന്ധു തിരികെ വീട്ടിലേക്ക് പോയതും, പരീക്ഷാ സമയം അടുത്തിരുന്നതും സനയെ വലിയ സമ്മർദ്ദത്തിലാക്കി. ഞായറാഴ്ചയായതിനാൽ പരിസരത്തെ സ്റ്റുഡിയോകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഷയത്തിൽ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ചിഞ്ചുവും അശ്വതിയും ഇടപെടുകയും വിവരം എസ്.ഐ ലാലു ജോസഫിനെ അറിയിക്കുകയും ചെയ്തു.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ എസ്.ഐ, ഉടൻ തന്നെ ദേശാഭിമാനി ജംഗ്ഷനിലെ 'സീയോൻ' സ്റ്റുഡിയോ ഉടമ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു. പോലീസിന്റെ അടിയന്തര സന്ദേശം ലഭിച്ചയുടൻ ബിനു വീട്ടിൽ നിന്നും ഓടിയെത്തി സ്റ്റുഡിയോ തുറന്നു. ഉടൻ തന്നെ ഫോട്ടോകൾ പ്രിന്റ് ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ മഹേഷ് ഫോട്ടോയുമായി അതിവേഗം സ്കൂളിലെത്തി വിദ്യാർത്ഥിനിക്ക് കൈമാറി.

പോലീസിന്റെയും സ്റ്റുഡിയോ ഉടമയുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം സനയ്ക്ക് യാതൊരു തടസ്സവുമില്ലാതെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ സാധിച്ചു. വിദ്യാർത്ഥിനിയുടെ ഭാവി സുരക്ഷിതമാക്കാൻ കാട്ടിയ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ വലിയ അഭിനന്ദനങ്ങളോടെയാണ് നാട്ടുകാരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367866/police-helped-student-at-neet-exam-center)