---
title: "പ്രീവെഡ്ഡിങ് ഷൂട്ടിനിടെ ട്രെക്കിങ് ദുരന്തം നാടകം; യുവാവിനെ 350 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ"
english_title: "Fiancée and boyfriend kill young man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367853/fiance-and-boyfriend-kill-young-man"
published_at: "2026-06-23T16:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a62bf0a8df_gdhnf.jpg"
keywords: ["Latest News", "Punai", "Fiancée And boyfriend", "Kills Young Man"]
---

# പ്രീവെഡ്ഡിങ് ഷൂട്ടിനിടെ ട്രെക്കിങ് ദുരന്തം നാടകം; യുവാവിനെ 350 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

> **Lead Summary:** **പുണെ: [**ട്രെക്കിങ്ങിനിടെ യുവാവ് മലമുകളിൽനിന്ന് വീണുമരിച്ച സംഭവം കൃത്യമായി ആസൂത്രണം ചെയ്ത ദാരുണമായ കൊലപാതകമെന്ന് പോലീസ്. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാൾ ലോഹാഗഡ് കോട്ടയ്ക്ക് മുകളിൽനിന്ന് വീണത് അപകടമല്ലെന്നും, പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊടുംക്രൂരതയാണെന്നും പുണെ റൂറൽ പോലീസ് കണ്ടെത്തി.

## Article Content

**പുണെ: [**ട്രെക്കിങ്ങിനിടെ യുവാവ് മലമുകളിൽനിന്ന് വീണുമരിച്ച സംഭവം കൃത്യമായി ആസൂത്രണം ചെയ്ത ദാരുണമായ കൊലപാതകമെന്ന് പോലീസ്. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാൾ ലോഹാഗഡ് കോട്ടയ്ക്ക് മുകളിൽനിന്ന് വീണത് അപകടമല്ലെന്നും, പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊടുംക്രൂരതയാണെന്നും പുണെ റൂറൽ പോലീസ് കണ്ടെത്തി.

കേസിൽ പ്രതിശ്രുതവധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത മാസമായിരുന്നു കേതന്റെയും സിയയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ജൂൺ 19-നാണ് കേതനും സിയയും സുഹൃത്തുക്കളും ചേർന്ന് പുണെയിലെ പ്രസിദ്ധമായ ലോഹാഗഡ് കോട്ടയിലെത്തുന്നത്.

സിയയുടെ ജന്മദിനാഘോഷവും ഒപ്പം പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും നടത്താനായിരുന്നു യാത്ര. ഫോട്ടോയെടുക്കാൻ നിൽക്കുന്നതിനിടെ ശക്തമായ കാറ്റിൽ ബാലൻസ് തെറ്റി കേതൻ 350 അടിയോളം താഴ്ചയിലേക്ക് വീണെന്നായിരുന്നു സിയ സുഹൃത്തുക്കളോടും പോലീസിനോടും പറഞ്ഞത്.

എന്നാൽ, കേതന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. മികച്ചൊരു ട്രെക്കറായ കേതൻ അത്ര പെട്ടെന്ന് വീഴാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ പോലീസ് സിയയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടിയാണ് സിയ ഈ കൊടുംചതി ചെയ്തതെന്ന പോലീസ് പറഞ്ഞു. മേയ് 31-ന് ലോഹഗഡ് സന്ദർശിച്ചപ്പോഴാണ് ഇരുവരെയും തള്ളിയിട്ട് കൊല്ലാമെന്ന ആശയം ഇവർക്ക് ലഭിക്കുന്നത്.

പിന്നീട് ജൂൺ 14-ന് കേതനെ ഇവിടെയെത്തിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അന്ന് കേതന് സംശയം തോന്നാത്തതിനാലാണ് ജൂൺ 19-ന് ജന്മദിനത്തിന്റെ പേരിൽ വീണ്ടും ഇതേ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കാമുകന്റെ സഹായത്തോടെ താഴ്ചയിലേക്ക് തള്ളിയിട്ടത്. വിവാഹം മുടക്കാൻ സിയ മുൻപും പല വഴികൾ നോക്കിയിരുന്നു.

വിവാഹശേഷമുള്ള ഹണിമൂൺ യാത്രയ്ക്കായി ബാലിയിലേക്ക് കേതൻ വലിയ തുകയ്ക്ക് ടൂർ പാക്കേജ് ബുക്ക് ചെയ്തിരുന്നു. എന്നാൽ തന്റെ പാസ്‌പോർട്ട് കാണാനില്ലെന്ന് കള്ളം പറഞ്ഞ് സിയ ഈ യാത്ര ക്യാൻസൽ ചെയ്യിക്കുകയായിരുന്നു. ആ പാസ്‌പോർട്ട് താൻ ബാത്റൂമിലിട്ട് കീറിക്കളഞ്ഞതാണെന്ന് സിയ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.

പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായും കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പുണെ റൂറൽ പോലീസ് മേധാവി സന്ദീപ് സിങ് ഗിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367853/fiance-and-boyfriend-kill-young-man)