---
title: "തിരൂരിൽ ലഹരി മൂത്ത പിതാവിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; കൈയോടെ പിടികൂടി നാട്ടുകാർ"
english_title: "Exercise by throwing a toddler into the air in Tirur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367843/exercise-by-throwing-a-toddler-into-the-air-in-tirur"
published_at: "2026-06-23T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5936b7d43_jhsdj.jpg"
keywords: ["Latest News", "Malappuram", "Father", "Daughter"]
---

# തിരൂരിൽ ലഹരി മൂത്ത പിതാവിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; കൈയോടെ പിടികൂടി നാട്ടുകാർ

> **Lead Summary:** **മലപ്പുറം: [ **മലപ്പുറം തിരൂരിൽ കടുത്ത ലഹരിയിലായിരുന്ന യുവാവ് സ്വന്തം പിഞ്ചുകുഞ്ഞിനോട് ക്രൂരത കാട്ടിയ സംഭവം നാടിനെ നടുക്കുന്നു.

## Article Content

**മലപ്പുറം: [ **മലപ്പുറം തിരൂരിൽ കടുത്ത ലഹരിയിലായിരുന്ന യുവാവ് സ്വന്തം പിഞ്ചുകുഞ്ഞിനോട് ക്രൂരത കാട്ടിയ സംഭവം നാടിനെ നടുക്കുന്നു.

തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവാവാണ് ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ പെരുമാറിയത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്തായിരുന്നു സംഭവം. ഈ സമയം കുഞ്ഞുമായി പുറത്തിറങ്ങിയ യുവാവ് കടുത്ത ലഹരിയിൽ കുഞ്ഞിനെ മുകളിലേക്ക് വായുവിലെറിഞ്ഞ് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

ഇത് കണ്ടുനിന്ന നാട്ടുകാർ ഓടിയെത്തി യുവാവിനെ തടഞ്ഞു വെക്കുകയും കുഞ്ഞിനെ സുരക്ഷിതമായി മാറ്റുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാൾ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ വിൽപ്പനക്കാരനും ഉപയോക്താവുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

മുൻപും മറ്റൊരു കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നുവെന്നും, ആ കുട്ടി നിലവിൽ വലിയമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.

സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും മറ്റ് നിയമനടപടികളും ഉറപ്പുവരുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367843/exercise-by-throwing-a-toddler-into-the-air-in-tirur)