---
title: "ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം; മരിച്ചവരിൽ കോഴിക്കോട് പുറമേരി സ്വദേശിയും"
english_title: "Explosion in Ras Laffan, Qatar; A native of Nadapuram, Kozhikode, is among the dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367828/explosion-in-ras-laffan-qatar-a-native-of-nadapuram-kozhikode-is-among-the-dead-"
published_at: "2026-06-23T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a53ed23ed2_qatar_death.jpg"
keywords: ["Explosion", "Ras Laffan", "Qatar", "Nadapuram", "Kozhikode", "Death"]
---

# ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം; മരിച്ചവരിൽ കോഴിക്കോട് പുറമേരി സ്വദേശിയും

> **Lead Summary:** **കോഴിക്കോട് : **ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും . കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

## Article Content

**കോഴിക്കോട് : **ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും . കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്. ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം.

അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.

എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367828/explosion-in-ras-laffan-qatar-a-native-of-nadapuram-kozhikode-is-among-the-dead-)