---
title: "പ്രണയത്തിന് തടസ്സം നിന്നു; കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി യുവതി "
english_title: "Parents and sister stabbed to death in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367817/parents-and-sister-stabbed-to-death-in-bengaluru"
published_at: "2026-06-23T14:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06904cba022_crime.jpg"
keywords: ["Latest News", "Bangalore", "Crime", "Stabbed"]
---

# പ്രണയത്തിന് തടസ്സം നിന്നു; കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി യുവതി 

> **Lead Summary:** **ബെംഗളൂരു:[ ** പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിലുള്ള മുൻവൈരാഗ്യത്തിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.

## Article Content

**ബെംഗളൂരു:[ ** പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിലുള്ള മുൻവൈരാഗ്യത്തിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.

ബെംഗളൂരു കെ.ആർ. പുരത്തിന് സമീപമുള്ള സിഗേഹള്ളിയിലെ അപ്പാർട്ട്‌മെന്റിലാണ് നാടിനെ നടുക്കിയ ഈ ചോരക്കളി നടന്നത്. തമിഴ്‌നാട് സ്വദേശികളായ സോമസുന്ദരം, ഭാര്യ മുത്തുലക്ഷ്മി, മകൾ സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.

സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതിമാരുടെ മൂത്തമകളായ ശ്വേത, കാമുകൻ കെന്നത്ത് എന്നിവർ ചേർന്നാണ് ഈ കൂട്ടക്കൊല നടത്തിയത്. ശ്വേതയും കെന്നത്തുമായി ദീർഘനാളായി പ്രണയത്തിലായിരുന്നു.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനുള്ള ഇവരുടെ തീരുമാനത്തെ ശ്വേതയുടെ മാതാപിതാക്കളും സഹോദരിയും ശക്തമായി എതിർത്തിരുന്നു.

ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം വൈകുന്നേരം കാമുകൻ കെന്നത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കരുതിക്കൂട്ടിയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അപ്പാർട്ട്‌മെന്റിൽ നിന്ന് അസ്വാഭാവികമായ ബഹളം കേട്ടെത്തിയ അയൽവാസികളാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് വിവരം കെ.ആർ. പുരം പോലീസിനെ അറിയിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ടുപേരും ഒളിവിൽ പോയി. ഇവരെ കണ്ടെത്തുന്നതിനായി ബെംഗളൂരു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രതികൾ കർണാടക വിട്ട് അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കോ ആന്ധ്രാപ്രദേശിലേക്കോ കടന്നേക്കാമെന്ന നിഗമനത്തിൽ അതിർത്തികളിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367817/parents-and-sister-stabbed-to-death-in-bengaluru)