---
title: "കേരളീയരുടെ പ്രിയപ്പെട്ട നാലുമണിപ്പലഹാരം: സോഫ്റ്റ് നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Homemade Vattayappam, easy to prepare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367745/homemade-vattayappam-easy-to-prepare"
published_at: "2026-06-23T09:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a07f9466e6_vattayappam_2.jpg"
keywords: ["Cookery", "Vattayappam", "Vattayappam Recipe", "Naadan Food"]
---

# കേരളീയരുടെ പ്രിയപ്പെട്ട നാലുമണിപ്പലഹാരം: സോഫ്റ്റ് നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **[** മലയാളികളുടെ പരമ്പരാഗത പലഹാരങ്ങളിൽ എന്നും മുൻപന്തിയിലാണ് നല്ല പഞ്ഞിപോലെയുള്ള വട്ടയപ്പം.

## Article Content

**[** മലയാളികളുടെ പരമ്പരാഗത പലഹാരങ്ങളിൽ എന്നും മുൻപന്തിയിലാണ് നല്ല പഞ്ഞിപോലെയുള്ള വട്ടയപ്പം.

അധികം എണ്ണമയമില്ലാത്തതും ആവിയിൽ വേവിച്ചെടുക്കുന്നതുമായതുകൊണ്ട് ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കും കുട്ടികൾക്കും ഒരുപോലെ നൽകാൻ പറ്റിയ ഒന്നാണിത്.

വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച്, അധികം ബുദ്ധിമുട്ടില്ലാതെ തികച്ചും നാടൻ രുചിയിൽ വട്ടയപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

പച്ചരി: 2 കപ്പ്

തേങ്ങ ചിരവിയത്: 1 കപ്പ്

ചോറ്: 1/2 കപ്പ്

പഞ്ചസാര: 1/2 കപ്പ് (നിങ്ങളുടെ മധുരത്തിനനുസരിച്ച് )

ഈസ്റ്റ്: 1/2 ടീസ്പൂൺ

ഏലയ്ക്കാപ്പൊടി: 1/2 ടീസ്പൂൺ

ഉപ്പ്: ഒരു നുള്ള്

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: അലങ്കരിക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം തയ്യാറാക്കുന്നതിനായി ആദ്യം രണ്ട് കപ്പ് പച്ചരി നന്നായി കഴുകി 4 മുതൽ 5 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

അതിനുശേഷം കുതിർത്ത അരി, ഒരു കപ്പ് ചിരകിയ തേങ്ങ, അര കപ്പ് ചോറ്, അര ടീസ്പൂൺ ഈസ്റ്റ്, അര കപ്പ് പഞ്ചസാര എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിൽ നന്നായി അരച്ചെടുക്കണം.

ഈ മാവിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കിയ ശേഷം, മാവ് നന്നായി പൊന്തിവരുന്നതിനായി 4 മുതൽ 6 മണിക്കൂർ വരെ പുളിക്കാൻ മാറ്റിവെക്കുക.

മാവ് നന്നായി പുളിച്ചുകഴിഞ്ഞാൽ, വട്ടയപ്പം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്റ്റീൽ പ്ലേറ്റിലോ കേക്ക് ടിന്നിലോ അല്പം നെയ്യോ എണ്ണയോ തടവി മാവ് മുക്കാൽ ഭാഗത്തോളം ഒഴിക്കുക.

പിന്നീട് അപ്പച്ചെമ്പിലോ ഇഡ്ഡലിപ്പാത്രത്തിലോ വെള്ളം തിളപ്പിച്ച ശേഷം ഈ പാത്രം ഇറക്കിവെച്ച് ആവിയിൽ വേവിച്ചെടുക്കുക.

അപ്പം പകുതി വേവാകുമ്പോൾ മൂടി തുറന്ന് മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെച്ച് വീണ്ടും മൂടിവെക്കണം.

ആദ്യം തന്നെ ഇവ ഇട്ടാൽ മാവിലേക്ക് താഴ്ന്നുപോകാൻ സാധ്യതയുണ്ട്. ഏകദേശം 15-20 മിനിറ്റ് മീഡിയം തീയിൽ വേവിച്ച ശേഷം ഒരു ഈർക്കിൽ കൊണ്ടോ കത്തി കൊണ്ടോ കുത്തിനോക്കി മാവ് ഒട്ടിപ്പിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി തീ ഓഫ് ചെയ്യാം.

പഞ്ഞിപോലെയുള്ള ഈ നാടൻ വട്ടയപ്പം നാലുമണി പലഹാരമായി ചായയ്ക്കൊപ്പം വിളഭാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367745/homemade-vattayappam-easy-to-prepare)