---
title: "പിറന്നാൾ ആഘോഷത്തിനിടെ ദാരുണാന്ത്യം; ആഡംബര കാർ നിയന്ത്രണം വിട്ട് മലയാളി യുവതി ഉൾപ്പെടെ രണ്ടുപേർ മരിച്ചു"
english_title: "Two people, including a Kottayam native, died after their luxury car lost control"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367732/two-people-including-a-kottayam-native-died-after-their-luxury-car-lost-control"
published_at: "2026-06-23T09:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39fe6c1545d_ACCIDENT.jpg"
keywords: ["Kottayam native", "Luxury car", "Accident", "Death"]
---

# പിറന്നാൾ ആഘോഷത്തിനിടെ ദാരുണാന്ത്യം; ആഡംബര കാർ നിയന്ത്രണം വിട്ട് മലയാളി യുവതി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

> **Lead Summary:** മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ ആഡംബര കാർ നിയന്ത്രണം വിട്ട് മലയാളി യുവതിയും യുവാവും മരിച്ചു. ഞായറാഴ്ച പുലർച്ചെ 2.30ഓടെ ബദ്‌ലാപുരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം.

## Article Content

മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ ആഡംബര കാർ നിയന്ത്രണം വിട്ട് മലയാളി യുവതിയും യുവാവും മരിച്ചു. ഞായറാഴ്ച പുലർച്ചെ 2.30ഓടെ ബദ്‌ലാപുരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം.

കോട്ടയം സ്വദേശിയും ബാന്ദ്ര നിവാസിയുമായ റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അങ്കദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 നിർമാണം നടക്കുന്ന മുംബൈ-ഡൽഹി എക്സ്പ്രസ് വേയിൽ ബദ്‌ലാപുരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേരും തൽക്ഷണം മരണപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ബദ്‌ലാപുർ വെസ്റ്റിൽ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷം അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറിൽ പുറത്തിറങ്ങുകയായിരുന്നു. പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്തുകൂടിയാണ് ഇവർ വണ്ടിയോടിച്ചത്. 10 വരി പാതയായതിനാൽ കാർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ കാർ അതിവേഗത്തിൽ ഞങ്ങളെ കടന്നുപോയെന്നും മൂന്നാമത്തെ റൗണ്ടിൽ വലിയൊരു സ്ഫോടന ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ കാർ പൂർണമായും തകർന്നുവെന്നും' ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. കാർ ഓടിച്ചിരുന്നത് അങ്കദ് ആണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367732/two-people-including-a-kottayam-native-died-after-their-luxury-car-lost-control)