---
title: "യൂ ടേൺ അടിക്കുമോ...? അതൃപ്തി പുകയുന്നു, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ  വിശദീകരണം നൽകും"
english_title: "liquor tax row kerala cm vd satheesan to clarify government stand in assembly today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367722/liquor-tax-row-kerala-cm-vd-satheesan-to-clarify-government-stand-in-assembly-today"
published_at: "2026-06-23T07:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39ed25e386c_vd_satheesan.jpg"
keywords: ["Latest News", "Liquor Tax Exemption", "Chief Minister", "VD Satheesan", "UDF Government"]
---

# യൂ ടേൺ അടിക്കുമോ...? അതൃപ്തി പുകയുന്നു, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ  വിശദീകരണം നൽകും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശത്തിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും.

## Article Content

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശത്തിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും.

ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

വി എം സുധീരൻ അടക്കമുള്ള നേതാക്കളുടെ പരസ്യ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നത് കണ്ടറിയണം. എതിർപ്പ് മൂലം യൂ ടേൺ അടിക്കുമോ അതോ മുൻ സർക്കാരിനെ ചാരി നികുതി ഘടനയിൽ ഉറച്ചു നിൽക്കുമോ? എന്താകും മുഖ്യമന്ത്രിയുടെ നിലപാട് എന്നതിൽ ആകാംക്ഷ തുടരുകയാണ്.

അതേസമയം സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്നും നിയമസഭയിൽ തുടരും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുമെന്നാണ് വിവരം. സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂട്ടുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.

ഭരണ കക്ഷിയിലെ ഭിന്നത അടക്കം ആയുധമാക്കിയുള്ള നീക്കത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തിന് പുറമെ പി എം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഷയങ്ങളും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാൽ മുൻ എൽ ഡി എഫ് സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമായതെന്ന വിശദീകരണവുമായി ഭരണപക്ഷം പ്രതിരോധം തീർക്കാനാണ് സാധ്യത.

ബജറ്റ് ചർച്ചയിലെ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി സഭയിൽ നിർണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367722/liquor-tax-row-kerala-cm-vd-satheesan-to-clarify-government-stand-in-assembly-today)