---
title: "മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം"
english_title: "FIFA World Cup 2026 Argentina beats Austria, Messi scores two goals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367716/fifa-world-cup-2026-argentina-beats-austria-messi-scores-two-goals"
published_at: "2026-06-23T06:13:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39d7373f68f_2026_Argentina.jpg"
keywords: ["Latest News", "FIFA World Cup 2026", "Argentina", "Austria", "Lionel Messi"]
---

# മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

> **Lead Summary:** ഡാലസ്: ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രിയയെ തകർത്തത്.

## Article Content

ഡാലസ്: ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രിയയെ തകർത്തത്.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്താണ് മെസി അര്‍ജന്‍റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചത്.

മത്സരത്തിന്‍റെ തുടക്കം അർജന്‍റീനയ്ക്ക് നാടകീയത നിറഞ്ഞതായിരുന്നു. 8-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് വാര്‍ പരിശോധനക്കൊടുിവില്‍ ലഭിച്ച പെനാൽറ്റി എടുത്ത നായകൻ ലിയോണൽ മെസിക്ക് പിഴച്ചു.

മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ഡാളസ് സ്റ്റേഡിയം നിശ്ചലമായി. എന്നാൽ പെനാൽറ്റി നഷ്ടത്തിന്റെ നിരാശ അധികനേരം നീണ്ടുനിന്നില്ല. 38-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ മെസി ഓസ്ട്രിയൻ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോൾ നേടി (1-0).

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ തന്‍റെ 17-ാം ഗോൾ തികച്ച മെസി ,ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മാറി.

ആദ്യ പകുതിയിൽ ഒരു ഗോളിന്‍റെ ലീഡിലാണ് അർജന്‍റീന കളം വിട്ടത്. രണ്ടാം പകുതിയിൽ റാൽഫ് റാഗ്നിക്കിന്‍റെ കീഴിലിറങ്ങിയ ഓസ്ട്രിയ അർജന്‍റീനൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് കളിയിലേക്ക് തിരിച്ചുവരാൻ പരമാവധി ശ്രമിച്ചു. സൂപ്പർ താരം മാഴ്സൽ സബിറ്റ്സറുടെ കനത്ത ഷോട്ടുകൾ അർജന്‍റീനൻ ഗോളി എമിലിയാനോ മാർട്ടീനസ് മികച്ച സേവുകളിലൂടെ തട്ടിയകറ്റി.

മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമനില ഗോളിനായി ഓസ്ട്രിയൻ താരങ്ങൾ മുഴുവനായി മുന്നോട്ട് കയറി കളിക്കുകയായിരുന്നു. എന്നാൽ ഇൻജുറി ടൈമിന്‍റെ അഞ്ചാം മിനിറ്റിൽ (90+5') അർജന്റീന കൗണ്ടർ അറ്റാക്ക് നടത്തി.

പന്തുമായി മുന്നേറിയ മെസി ജൂലിയൻ അൽവാരസിന് ഗോൾ അടിക്കാൻ സുവർണാവസരം നൽകിയെങ്കിലും അൽവാരസിന് അത് കൃത്യമായി ഫിനിഷ് ചെയ്യാനായില്ല. എന്നാൽ തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന മെസി ഓസ്ട്രിയൻ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും അനായാസം വെട്ടിച്ച് പന്ത് വീണ്ടും വലയിലെത്തിച്ചു (2-0).

ലോകകപ്പിലെ തന്‍റെ ഗോൾ നേട്ടം 18 ആയി ഉയർത്തിയ മെസി ഈ ലോകകപ്പില്‍ ഇതുവരെ 5 ഗോളുകൾ നേടിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്‍റീന അടുത്ത റൗണ്ട് ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഡീഗോ മറഡോണ രണ്ട് ചരിത്ര ഗോളുകൾ നേടിയ ജൂൺ 22-ന്‍റെ 40-ാം വാർഷികത്തിൽ തന്നെയാണ് മെസിയും ഈ സുവർണ്ണ റെക്കോർഡ് സ്വന്തമാക്കിയത് എന്നത് അർജന്‍റീനൻ ആരാധകർക്ക് ഇരട്ടി മധുരമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367716/fifa-world-cup-2026-argentina-beats-austria-messi-scores-two-goals)