---
title: "പള്ളി സെമിത്തേരിയിലെ അജ്ഞാത മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോയുടേതോ? കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം"
english_title: "Unknown body in church cemetery, Vilangad native Sijo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367656/unknown-body-in-church-cemetery-vilangad-native-sijo"
published_at: "2026-06-22T17:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3921169a1b4_FDSZGD.jpg"
keywords: ["Latest News", "Kannur", "Unknown Body In Church Cemetery", "Vilangad Native Sijo"]
---

# പള്ളി സെമിത്തേരിയിലെ അജ്ഞാത മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോയുടേതോ? കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

> **Lead Summary:** **കണ്ണൂർ: [ **വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.

## Article Content

**കണ്ണൂർ: [ **വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.

സംഭവത്തിൽ കേസെടുത്ത പൊലീസ്, കല്ലറ തുറന്ന് പരിശോധന നടത്തുന്നതിനായി നാളെ ആർഡിഒയുടെ അനുമതി തേടും. അതുവരെ കല്ലറയ്ക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പൊലീസിന്റെ നിലവിലെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് പള്ളി വികാരി അറിയിച്ചു. നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഏറിയത്.

ഈ സാഹചര്യത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്ന് പള്ളി വികാരി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിജോ സ്കറിയയുടെ കുടുംബം വിവരങ്ങളുമായി രംഗത്തെത്തിയത്.

2014-ൽ വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്നാണ് സിജോ ഭാര്യയ്ക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് താമസം മാറിയത്. അതിനുശേഷം ബന്ധുക്കളുമായി ഇയാൾ ഒരുതരത്തിലുള്ള ബന്ധവും പുലർത്തിയിരുന്നില്ല.

2020-ൽ സിജോയെ കാണാതായ വിവരം യാദൃശ്ചികമായാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും അന്ന് അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

നിലവിൽ കല്ലറയിലുള്ള മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഈ പരാതി കൂടി കണക്കിലെടുത്ത് അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് പൊലീസ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367656/unknown-body-in-church-cemetery-vilangad-native-sijo)