---
title: " മോശം,മോശം വളരെ... മോശം; ഉത്തർപ്രദേശിൽ യോഗാദിന പരിപാടിക്കിടെ സൗജന്യ യോഗാ മാറ്റുകൾക്കായി കൂട്ടത്തല്ല്"
english_title: "Yoga Day, Mass brawl for free yoga mats, Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367654/yoga-day-mass-brawl-for-free-yoga-mats-uttar-pradesh-"
published_at: "2026-06-22T17:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3920e01e3e5_Yoga_Day,_Mass_brawl_for_free_yoga_mats,_Uttar_Pradesh.jpg"
keywords: ["Latest News", "Uttar Pradesh", "Yoga Day", "Mass Brawl For Free Yoga Mats"]
---

#  മോശം,മോശം വളരെ... മോശം; ഉത്തർപ്രദേശിൽ യോഗാദിന പരിപാടിക്കിടെ സൗജന്യ യോഗാ മാറ്റുകൾക്കായി കൂട്ടത്തല്ല്

> **Lead Summary:** മീററ്റ് : അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിൽ സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിക്കിടെ സൗജന്യ യോഗാ മാറ്റുകൾക്കായി ജനങ്ങൾ തല്ലുകൂടിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ വിതരണം ചെയ്യാനിരുന്ന യോഗാ മാറ്റുകൾ സ്വന്തമാക്കാൻ ആളുകൾ കൂട്ടത്തോടെ ഇരച്ചുകയറിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

## Article Content

മീററ്റ് : അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിൽ സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിക്കിടെ സൗജന്യ യോഗാ മാറ്റുകൾക്കായി ജനങ്ങൾ തല്ലുകൂടിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ വിതരണം ചെയ്യാനിരുന്ന യോഗാ മാറ്റുകൾ സ്വന്തമാക്കാൻ ആളുകൾ കൂട്ടത്തോടെ ഇരച്ചുകയറിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

പൊതുജനങ്ങൾ മാറ്റുകൾ പരസ്പരം പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, ഉത്തർപ്രദേശ് സർക്കാരിനും സംഘാടകർക്കും വലിയ നാണക്കേടുണ്ടാക്കി. സംഘാടനത്തിലുണ്ടായ പിഴവിനെച്ചൊല്ലി വിമർശനവും ഉയർന്നു. ശനിയാഴ്ച വിപുലമായ പരിപാടിയോടെ നടന്ന യോ​ഗാദിനാചരണ പരിപാടിയിലാണ് മാറ്റുകൾ സൗജന്യമായി ലഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ജനങ്ങൾ തള്ളിക്കയറിയത്. വിതരണത്തിനിടെ ജനങ്ങൾ പരസ്പരം തള്ളിമാറ്റുകയും മാറ്റുകൾക്കായി പിടിവലി നടത്തുകയും ചെയ്തു. ഉന്തും തള്ളും രൂക്ഷമായതോടെ പരിപാടി മുഴുവൻ അലങ്കോലപ്പെടുകയും ചെയ്തു.

സോഷ്യൽമീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് താഴെ വലിയ വിമർശനമാണ് ഉയർന്നത്. യോ​ഗയല്ല, സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നാണ് ആദ്യം ജനങ്ങളെ പഠിപ്പിക്കേണ്ടതെന്ന് ചിലർ കുറിച്ചു. ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ മോഷ്ടിക്കുന്ന അതേ പ്രവണതയാണ് ഇവിടെയുമുണ്ടായതെന്നും പൊതുമുതൽ കൊള്ളയടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367654/yoga-day-mass-brawl-for-free-yoga-mats-uttar-pradesh-)