---
title: "അടുക്കളയിൽ  രുചിയുടെ വിരുന്ന് തീർക്കാൻ കുറുകിയ മസാലയിൽ ഒരു നാടൻ ഞണ്ട് റോസ്റ്റ് തയ്യാറാക്കാം "
english_title: "A feast of taste in the kitchen, with a spicy, local crab roast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367630/a-feast-of-taste-in-the-kitchen-with-a-spicy-local-crab-roast"
published_at: "2026-06-22T15:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390efe41ac8_njad.jpg"
keywords: ["Cookery", "Nadan Njand Roast", "Njand Roast Recipe"]
---

# അടുക്കളയിൽ  രുചിയുടെ വിരുന്ന് തീർക്കാൻ കുറുകിയ മസാലയിൽ ഒരു നാടൻ ഞണ്ട് റോസ്റ്റ് തയ്യാറാക്കാം 

> **Lead Summary:** **[** കേരളീയരുടെ നാടൻ ഊട്ടുപുരകളിൽ മീൻ കറികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കൊതിയൂറുന്ന ഒന്നാണ് ഞണ്ട് വിഭവങ്ങൾ.

## Article Content

**[** കേരളീയരുടെ നാടൻ ഊട്ടുപുരകളിൽ മീൻ കറികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കൊതിയൂറുന്ന ഒന്നാണ് ഞണ്ട് വിഭവങ്ങൾ.

കപ്പ വേവിച്ചതിനൊപ്പമോ, ചൂടുള്ള മട്ടച്ചോറിനൊപ്പമോ, അപ്പത്തിനൊപ്പമോ ഒക്കെ കഴിക്കാൻ പറ്റിയ, നല്ല കുരുമുളകും മസാലകളും ചേർത്ത നാടൻ ഞണ്ട് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

ഞണ്ട് – 1 കിലോ (നന്നായി വൃത്തിയാക്കി കഷണങ്ങളാക്കിയത്)

സവാള – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)

ചെറിയ ഉള്ളി – 1 കപ്പ് (ചതച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്)

തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ½ ടേബിൾ സ്പൂൺ

പച്ചമുളക് – 3-4 എണ്ണം (നീളത്തിൽ കീറിയത്)

കറിവേപ്പില – 3 തണ്ട്

തേങ്ങാക്കൊത്ത് – ¼ കപ്പ്

വെളിച്ചെണ്ണ – 3-4 ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

മുളകുപൊടി– 2 ടേബിൾ സ്പൂൺ

മല്ലിപ്പൊടി – 1 ½ ടേബിൾ സ്പൂൺ

ഗരം മസാലപ്പൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച് കൂട്ടാം)

**തയ്യാറാക്കുന്ന വിധം**

വൃത്തിയാക്കിയ ഞണ്ടിലേക്ക് അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, പാകത്തിന് ഉപ്പ്, അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് മീഡിയം തീയിൽ വേവിച്ചെടുക്കുക.

തുടർന്ന് ഒരു മൺചട്ടിയിലോ ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് പൊൻനിറത്തിൽ വറുത്ത ശേഷം, ചതച്ച ചെറിയ ഉള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം.

ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറിയതിനു ശേഷം തക്കാളി ഉടയുന്നതുവരെ വേവിക്കുക. തീ കുറച്ചുവെച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ മൂപ്പിച്ചെടുക്കണം.

ഈ മസാലക്കൂട്ടിലേക്ക് വേവിച്ചുവെച്ച ഞണ്ട് ചാറോടുകൂടി ഒഴിച്ച് ഇളക്കി, ചട്ടി അടച്ചുവെച്ച് കുറഞ്ഞ തീയിൽ 5-10 മിനിറ്റ് വറ്റിച്ചെടുക്കുക.

ചാറ് വറ്റി നല്ല റോസ്റ്റ് പരുവമാകുമ്പോൾ മുകളിലേക്ക് അല്പം കുരുമുളകുപൊടിയും പച്ചക്കറിവേപ്പിലയും ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും തൂവി, തീ അണച്ച് 5 മിനിറ്റ് അടച്ചുവെച്ച ശേഷം ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367630/a-feast-of-taste-in-the-kitchen-with-a-spicy-local-crab-roast)