---
title: "ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; സിഡ്നിയിൽ 7500 കോടിയുടെ കൊക്കെയ്ൻ പിടികൂടി"
english_title: "Cocaine worth Rs 7500 crore seized in Sydney in biggest drug bust in Australian history"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367600/cocaine-worth-rs-7500-crore-seized-in-sydney-in-biggest-drug-bust-in-australian-history"
published_at: "2026-06-22T14:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fece26340_DFGDG.jpg"
keywords: ["LATEST NEWS", "Australian", "Cocaine", "drug"]
---

# ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; സിഡ്നിയിൽ 7500 കോടിയുടെ കൊക്കെയ്ൻ പിടികൂടി

> **Lead Summary:** സിഡ്നി:**[ ** ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന് സിഡ്നിയിൽ. ഷിപ്പിംഗ് കണ്ടെയ്നറിന്റെ തറഭാഗത്ത് രഹസ്യ അറകളുണ്ടാക്കി സൂക്ഷിച്ച 2.7 ടൺ കൊക്കെയ്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 7,500 കോടിയിലധികം രൂപ (81.6 കോടി ഡോളർ) വിലവരുമെന്ന് പോലീസ് അറിയിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

സിഡ്നി:**[ ** ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന് സിഡ്നിയിൽ. ഷിപ്പിംഗ് കണ്ടെയ്നറിന്റെ തറഭാഗത്ത് രഹസ്യ അറകളുണ്ടാക്കി സൂക്ഷിച്ച 2.7 ടൺ കൊക്കെയ്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 7,500 കോടിയിലധികം രൂപ (81.6 കോടി ഡോളർ) വിലവരുമെന്ന് പോലീസ് അറിയിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സിഡ്‌നിയിലെ ലണ്ടൻഡെറിയിലുള്ള ഒരു ഗ്രാമീണ മേഖലയിലെ വസ്തുവിലാണ് പോലീസ് ഒരേസമയം റെയ്ഡ് നടത്തിയത്.  പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന ഷിപ്പിംഗ് കണ്ടെയ്നറുകളുടെ തറഭാഗത്തിന്റെ നിറവ്യത്യാസമാണ് പൊലീസിൽ സംശയമുണർത്തിയത്.

വിശദമായ പരിശോധനയിൽ ഈ കണ്ടെയ്നറുകൾക്ക് അടിയിലായി വ്യാജ തറ നിർമ്മിച്ച്, അതിനുള്ളിൽ പ്ലാസ്റ്റിക് ടബ്ബുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 ഏകദേശം 30 ലക്ഷത്തോളം ആളുകൾക്ക് വിതരണം ചെയ്യാൻ ആവശ്യമായ അളവിലുള്ള കൊക്കെയ്നാണ് ഇത്. പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് പിടികൂടിയത്. വാണിജ്യാടിസ്ഥാനത്തിൽ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് കേസെടുത്ത ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഈ കുറ്റത്തിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. പ്രതികളെ ഓഗസ്റ്റ് 13ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

സിഡ്‌നിയിലെ ഒരു പ്രമുഖ ക്രിമിനൽ കുടുംബത്തിലെ മുൻ അംഗങ്ങൾ ഉൾപ്പെടുന്ന 'കൊക്കോനട്ട് കാർട്ടൽ' എന്ന വൻകിട മാഫിയാ സംഘത്തിന്റെ സഹായികൾ മാത്രമാണ് പിടിയിലായ യുവാക്കളെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

വിവിധ സുരക്ഷാ ഏജൻസികളുടെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് നടപ്പിലാക്കിയ 'ഓപ്പറേഷൻ മിൻജിയാങ്' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വൻ വേട്ട സാധ്യമായത്. കഴിഞ്ഞ മെയ് മാസം ആരംഭിച്ച ഈ ഓപ്പറേഷനിലൂടെ ഇതിനകം തന്നെ 3 ടണ്ണിലധികം മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തുടക്കം കത്തിനശിച്ച ട്രക്കിൽ നിന്ന്: കഴിഞ്ഞ മെയ് മാസത്തിൽ വടക്കൻ ക്വീൻസ്‌ലൻഡിലെ മിഡ്ജ് പോയിന്റിൽ ബോട്ട് ജെട്ടിക്ക് സമീപം ഒരു ട്രക്കിൽ തീപിടിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കടലിൽ നിന്ന് 40 കിലോഗ്രാം കൊക്കെയ്ൻ ലഭിച്ചു.

ഈ സംഭവത്തെക്കുറിച്ച് ക്വീൻസ്‌ലൻഡ് പോലീസ് നടത്തിയ അന്വേഷണമാണ് വൻ ലഹരി മാഫിയയിലേക്കുള്ള വഴിതുറന്നത്. അന്ന് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ശേഖരം കടൽമാർഗ്ഗം ഓസ്‌ട്രേലിയയിൽ എത്തിച്ച ശേഷം ട്രക്കുകളിലാണ് സിഡ്നിയിലേക്ക് കടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. 2007-ൽ മെൽബണിൽ നിന്ന് 4.5 ടൺ എംഡിഎംഎ പിടിച്ചെടുത്തതാണ് ഇതിന് മുൻപ് നടന്ന ഏറ്റവും വലിയ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367600/cocaine-worth-rs-7500-crore-seized-in-sydney-in-biggest-drug-bust-in-australian-history)