---
title: "മോസ്കോ ലക്ഷ്യമാക്കി ഉക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു"
english_title: "Moscow drone strike, Russia airports shut down,Ukraine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367587/moscow-drone-strike-russia-airports-shut-downukraine"
published_at: "2026-06-22T14:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f7447f9c5_Moscow_drone_strike.jpg"
keywords: ["Latest News", "Moscow Drone Strike", "Ukraine", "Russia Airports", "Ukraine Conflict", "Russia Ukraine War"]
---

# മോസ്കോ ലക്ഷ്യമാക്കി ഉക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

> **Lead Summary:** മോസ്കോ : ഇന്ന് പുലർച്ചെ മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഉക്രെയ്ന്റെ ശക്തമായ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മോസ്കോ ലക്ഷ്യമാക്കി പറന്നെത്തിയ അറുപതോളം ഉക്രെയ്ൻ ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി മേയർ സെർജി സോബിയാനിൻ അറിയിച്ചു.

## Article Content

മോസ്കോ : ഇന്ന് പുലർച്ചെ മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഉക്രെയ്ന്റെ ശക്തമായ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മോസ്കോ ലക്ഷ്യമാക്കി പറന്നെത്തിയ അറുപതോളം ഉക്രെയ്ൻ ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി മേയർ സെർജി സോബിയാനിൻ അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ഷെറെമെത്യേവോ, ഡൊമോഡെഡോവോ, വ്നുക്കോവോ, ഷുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒറ്റരാത്രികൊണ്ട് റഷ്യയിലുടനീളം 301 ഡ്രോണുകൾ തകർത്തതായാണ് വിവരം. കഴിഞ്ഞ ആഴ്ചയും മോസ്കോയിലെ ഓയിൽ റിഫൈനറിക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.

അതേസമയം, ഉക്രെയ്‌നിലെ ഒഡെസ, സപ്പോറിഷ്യ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡെസയിൽ ഇസ്കന്ദർ മിസൈൽ പതിച്ച് കൃഷിസ്ഥലത്ത് തീപിടുത്തമുണ്ടായി. പനാമൻ പതാകയുമായി സഞ്ചരിച്ചിരുന്ന 'വിക്ട്രസ്' എന്ന തുർക്കി ചരക്കുകപ്പലിന് നേരെയും റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായി.

സംഭവത്തിൽ ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായി ഉക്രെയ്ൻ നാവികസേന അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിൽ പൊതുപരിപാടികൾ റദ്ദാക്കുകയും തെരുവുവിളക്കുകൾ അണയ്ക്കുകയും ചെയ്തു. ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ കാരണം ക്രിമിയയിൽ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367587/moscow-drone-strike-russia-airports-shut-downukraine)