---
title: "ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്: ക്ലാസ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറി അക്രമികൾ വെടിയുതിർത്തു; മൂന്ന് പേർ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ"
english_title: "School Shooting, Three Dead, Arrested, Philippines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367535/school-shooting-three-dead-one-arrested-philippines"
published_at: "2026-06-22T12:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d80a54573_School_Shooting.jpg"
keywords: ["Latest News", "School Shooting", "Three Dead", "Arrested", "Philippines"]
---

# ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്: ക്ലാസ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറി അക്രമികൾ വെടിയുതിർത്തു; മൂന്ന് പേർ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

> **Lead Summary:** മനില : മധ്യ ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലെയ്‌റ്റെ പ്രവിശ്യയിലെ ടക്ലോബാൻ നഗരത്തിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

## Article Content

മനില : മധ്യ ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലെയ്‌റ്റെ പ്രവിശ്യയിലെ ടക്ലോബാൻ നഗരത്തിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ അക്രമികൾ സ്കൂളിലേക്ക് അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കാളിയായ മറ്റൊരു പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ടക്ലോബാൻ സിറ്റി പോലീസ് വ്യക്തമാക്കി. വെടിയേറ്റ ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥികളെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഫിലിപ്പീൻസിൽ സ്കൂളുകളിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമായാണ് നടക്കാറുള്ളത്. 2022 ജൂലൈയിൽ ക്യൂസോൺ സിറ്റിയിലെ അറ്റീനിയോ ഡി മനില സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മുൻ മേയർ റോസ് ഫുരിഗേയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367535/school-shooting-three-dead-one-arrested-philippines)