---
title: "ബർത്ത്ഡേ ആഘോഷം ദുരന്തമായി, താനെയിൽ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ബിഎംഡബ്ല്യു മറിഞ്ഞു; യുവതിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Thane, BMW Car Accident, Two Dead, Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367490/thane-bmw-car-accident-two-dead-maharashtra-"
published_at: "2026-06-22T10:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c136c3113_Thane,_BMW_Car_Accident,_Two_Dead,_Maharashtra.jpg"
keywords: ["Latest News", "Thane", "BMW Car Accident", "Two Dead", "Maharashtra"]
---

# ബർത്ത്ഡേ ആഘോഷം ദുരന്തമായി, താനെയിൽ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ബിഎംഡബ്ല്യു മറിഞ്ഞു; യുവതിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** താനെ: മഹാരാഷ്ട്രയിലെ താനെയിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവതിയടക്കം രണ്ടുപേർ മരിച്ചു. ജന്മദിനാഘോഷത്തിന് ശേഷം സുഹൃത്തുക്കളോടൊപ്പം ലേറ്റ് നൈറ്റ് ഡ്രൈവിന് ഇറങ്ങിയ സംഘമാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. യോഗേഷ് നേഗി , റെബേക്ക ജേക്കബ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

## Article Content

താനെ: മഹാരാഷ്ട്രയിലെ താനെയിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവതിയടക്കം രണ്ടുപേർ മരിച്ചു. ജന്മദിനാഘോഷത്തിന് ശേഷം സുഹൃത്തുക്കളോടൊപ്പം ലേറ്റ് നൈറ്റ് ഡ്രൈവിന് ഇറങ്ങിയ സംഘമാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. യോഗേഷ് നേഗി , റെബേക്ക ജേക്കബ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കാർ ഓടിച്ചിരുന്ന അംഗദ് എന്ന യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുംബൈ - വഡോദര ഹൈവേയിൽ ബദ്‌ലാപൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തായ യോഗേഷിന്റെ ജന്മദിനം ആഘോഷിച്ച ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിലാണ് പാഞ്ഞിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും പലതവണ തലകീഴായി മറിഞ്ഞ് റോഡരികിലേക്ക് വീഴുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും എഞ്ചിനും പൂർണ്ണമായി തകർന്നു. മരിച്ചവരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുലർച്ചെ ഈ ആഡംബര കാർ ഹൈവേയിലൂടെ അതിവേഗത്തിൽ അഭ്യാസപ്രകടനം നടത്തുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. രണ്ടുതവണ അതിവേഗത്തിൽ പോയ കാർ, മൂന്നാമത്തെ തവണ വലിയൊരു ശബ്ദത്തോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി കാറിൽ നിന്നും ദൂരേക്ക് തെറിച്ചുവീണാണ് മരിച്ചത്.

അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താൻ പോലീസ് രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ബദ്‌ലാപൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367490/thane-bmw-car-accident-two-dead-maharashtra-)