---
title: "എറണാകുളം വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു"
english_title: "Ship brought for maintenance catches fire in Vypin, Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367472/ship-brought-for-maintenance-catches-fire-in-vypin-ernakulam"
published_at: "2026-06-22T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38afc35a099_Vypin_ship_fire_accident.jpg"
keywords: ["Latest News", "Vypin Ship Fire Accident", "Ernakulam"]
---

# എറണാകുളം വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു

> **Lead Summary:** കൊച്ചി : എറണാകുളം വൈപ്പിൻ കാളമുക്കിലെ 'സീ ബ്ലൂ' എന്ന സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

കൊച്ചി : എറണാകുളം വൈപ്പിൻ കാളമുക്കിലെ 'സീ ബ്ലൂ' എന്ന സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഉള്ളിൽ ഇന്ധനം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൂടാതെ, കപ്പലിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റും മറ്റ് വസ്തുക്കളും കത്തുന്നതിനാൽ ഉയർന്നുവരുന്ന കനത്ത പുക അഗ്നിശമന സേനയ്ക്ക് കപ്പലിനുള്ളിലേക്ക് പ്രവേശിക്കാൻ തടസ്സമാകുന്നു. പുറത്തുനിന്ന് വെള്ളമൊഴിച്ച് തണുപ്പിക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. സമീപത്തെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, യാർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് യാർഡ് പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന യാർഡിനെതിരെ ശബ്ദ-വായു മലിനീകരണ പരാതികളും ഉയരുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും, ഫയർഫോഴ്‌സ് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367472/ship-brought-for-maintenance-catches-fire-in-vypin-ernakulam)