---
title: "അയോധ്യ സംഭാവന തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു; കുംഭമേളക്കാലത്ത് വൻ പണാപഹരണമെന്ന് സൂചന, ട്രസ്റ്റ് ഭാരവാഹികൾക്ക് അയോധ്യ വിട്ടുപോകാൻ വിലക്ക്"
english_title: "Ayodhya donation scam: Special investigation team submits report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367466/ayodhya-donation-scam-special-investigation-team-submits-report-"
published_at: "2026-06-22T09:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38acf98b409_ayodhya.jpg"
keywords: ["Ayodhya donation scam", "Special Investigation Team", "Chief Minister Yogi Adityanath", "Kumbh Mela"]
---

# അയോധ്യ സംഭാവന തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു; കുംഭമേളക്കാലത്ത് വൻ പണാപഹരണമെന്ന് സൂചന, ട്രസ്റ്റ് ഭാരവാഹികൾക്ക് അയോധ്യ വിട്ടുപോകാൻ വിലക്ക്

> **Lead Summary:** **ലഖ്നൗ: **അയോധ്യ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാമിന് സമർപ്പിച്ചു. കുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവുമധികം നടന്നതെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്.

## Article Content

**ലഖ്നൗ: **അയോധ്യ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാമിന് സമർപ്പിച്ചു. കുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവുമധികം നടന്നതെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്.

അന്തിമ റിപ്പോർട്ട് ഞായറാഴ്ച നൽകും.  ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രം ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്. ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. ചമ്പത് റായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കർസേവകന്‍റേതടക്കം മൂന്ന് പേരുടെ പരാതി അയോധ്യ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേടും ഫണ്ട് തിരിമറിയും നടന്നതായുള്ള പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ വന്നിരുന്നു.

ക്ഷേത്രത്തിലെ ശേഖരത്തിൽ നിന്നും 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായും ഇവയുടെ യാതൊരുവിധ രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ 'പ്രാൺ പ്രതിഷ്ഠ' സമയത്ത് രാം ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഈ വെള്ളി കട്ടകളുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് ഇതുവരെ ഇതിന്‍റെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. വെള്ളി കട്ടകൾ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കിൽ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.

എന്നാൽ ഈ വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്‍റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയാറാക്കി ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി.

അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367466/ayodhya-donation-scam-special-investigation-team-submits-report-)