---
title: "'വീര്യം കുറഞ്ഞ മദ്യം' എന്ന വാദം വിഡ്ഢിത്തം; മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം"
english_title: "Kanthapuram strongly criticizes liquor policy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367464/kanthapuram-strongly-criticizes-liquor-policy-"
published_at: "2026-06-22T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38a9f4b5134_vd.jpg"
keywords: ["Low-alcohol liquor", "Government", "Kanthapuram", "Chief Minister VD Satheesan"]
---

# 'വീര്യം കുറഞ്ഞ മദ്യം' എന്ന വാദം വിഡ്ഢിത്തം; മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം

> **Lead Summary:** **കോഴിക്കോട്: ** വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലൂടെയാണ് സർക്കാർ നയത്തിനെതിരെ രംഗത്തെത്തിയത്.

## Article Content

**കോഴിക്കോട്: ** വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലൂടെയാണ് സർക്കാർ നയത്തിനെതിരെ രംഗത്തെത്തിയത്.

വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു.

ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ്‌ മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി സണ്ണി ജോസഫ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഞാൻ കഴിച്ച് നോക്കിയിട്ടില്ല!'- എന്നാണ് മന്ത്രി പറഞ്ഞത്. മറ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

മദ്യക്കമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനുള്ള തീരുമാനം കർണാടക മദ്യലോബിക്ക്‌ വേണ്ടിയെന്നാണ് ആക്ഷേപം. മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോൾ വീര്യം കുറഞ്ഞവയ്‌ക്ക്‌ 120 ശതമാനംവരെയാണ്‌ ബജറ്റിൽ ഇളവ്‌. നികുതിയിളവിന് എൽഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തി പിന്തിരിയേണ്ടിവന്ന കമ്പനിയുടെ സ്വാധീനം ഇതിനകം പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367464/kanthapuram-strongly-criticizes-liquor-policy-)