---
title: "മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ"
english_title: "UDF government's first budget debate in the Assembly from today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367451/udf-governments-first-budget-debate-in-the-assembly-from-today"
published_at: "2026-06-22T06:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3886f92fe52_udf_government.jpg"
keywords: ["Latest News", "Assembly Budget", "Chief Minister", "VD Satheesan", "UDF Government"]
---

# മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ തുടക്കമാകും. ബജറ്റിലെ വിവിധ നിർദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാൻ പ്രതിപക്ഷം തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു.

## Article Content

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ തുടക്കമാകും. ബജറ്റിലെ വിവിധ നിർദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാൻ പ്രതിപക്ഷം തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് വിൽപന നടത്താനുള്ള ബജറ്റ് നിർദ്ദേശവും, ധാതു സംസ്കരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവുമായിരിക്കും പ്രതിപക്ഷം സഭയിൽ പ്രധാന ആയുധമാക്കുക.

ഈ രണ്ട് വിഷയങ്ങളിലും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പരിസ്ഥിതി നാശത്തിനും ലഹരിവ്യാപനത്തിനും ഈ തീരുമാനങ്ങൾ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് അവർ ലക്ഷ്യമിടുന്നത്.

അതേസമയം, ഈ ബജറ്റ് നിർദ്ദേശങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയും പ്രതിഷേധവും കനക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പാരമ്പര്യ നിലപാടുകളിൽ നിന്നുള്ള വ്യതിയാനം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഒരുവിഭാഗം നേതാക്കൾക്കുണ്ട്.

പാർട്ടിയിലും മുന്നണിയിലും വിവാദങ്ങൾ പുകയുന്ന പശ്ചാത്തലത്തിൽ, എക്സൈസ് മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യങ്ങളും തുടർനടപടികളും ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367451/udf-governments-first-budget-debate-in-the-assembly-from-today)