---
title: "'കാല്‍ കാശിന് വില ഇല്ലാത്തവനാണ് കെ കെ മഹേശന്‍, അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്'; അധിക്ഷേപവുമായി വെളളാപ്പളളി നടേശന്‍"
english_title: "General Secretary Vellapally Natesan made derogatory remarks against K.K. Mahesan, who was also a Microfinance Coordinator"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367415/general-secretary-vellapally-natesan-made-derogatory-remarks-against-kk-mahesan-who-was-also-a-microfinance-coordinator"
published_at: "2026-06-21T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992cce769547_vellappalli_natesan.jpg"
keywords: ["Latest News", "K K Mahesan", "Vellapally Natesan", "NSS General Secretary", "Microfinance Coordinator"]
---

# 'കാല്‍ കാശിന് വില ഇല്ലാത്തവനാണ് കെ കെ മഹേശന്‍, അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്'; അധിക്ഷേപവുമായി വെളളാപ്പളളി നടേശന്‍

> **Lead Summary:** **ന്യൂഡല്‍ഹി: **എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

## Article Content

**ന്യൂഡല്‍ഹി: **എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആളായിരുന്നു കെ കെ മഹേശനെന്നും അവന്റെ മരണം അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെ എന്നുമാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത്. കെ കെ മഹേശന്‍ കേസ് കുത്തിപ്പൊക്കി വരികയാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. 'എന്നെ വേട്ടയാടുന്നത് സമുദായത്തില്‍ നിന്നുളള കുലംകുത്തികളാണ്.

കെ കെ മഹേശന്‍ കാല്‍ കാശിന് വില ഇല്ലാത്തവനാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തവൻ എന്ന് പറഞ്ഞാൽ അധിക്ഷേപമല്ല. നാടൻ പ്രയോഗം അല്ലേ.നിങ്ങൾ മഹേശ്വനെ കുറിച്ച് അന്വേഷിക്കണം. നിരവധി പെണ്ണുങ്ങളെ വഴിയാധാരമാക്കി. അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്. തെറ്റ് ചെയ്‌തെങ്കില്‍ തന്നെ ശിക്ഷിച്ചു.

ഞാന്‍ ഇനിയും ജയിക്കും. നിങ്ങളോട് വിനയപൂര്‍വ്വം പറയുകയാണ്. ഞാന്‍ മൈനര്‍ അല്ല. 89 വയസ് കഴിഞ്ഞു. രണ്ട് മാസം കഴിഞ്ഞാല്‍ 90 ആയി. ആരെങ്കിലും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും' വെളളാപ്പളളി നടേശന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും വെളളാപ്പളളി അധിക്ഷേപിച്ചു. വി എം സുധീരനെ കെട്ടുകെട്ടിക്കുന്നതില്‍ തനിക്ക് വലിയ പങ്കുണ്ടെന്നും സുധീരന്‍ കട്ടപ്പുറത്തെ വണ്ടിയായെന്നുമാണ് വെളളാപ്പളളി പറഞ്ഞത്. 'സുധീരന്‍ ആലപ്പുഴയില്‍ നിന്ന് തോറ്റ് തുന്നംപാടി. മാന്‍ഹോളില്‍ ഒരു മുസ്‌ലിം വീണ് മരിച്ചു.

അദ്ദേഹത്തിന് 25 ലക്ഷം കൊടുത്തു. മറ്റ് രണ്ട് പേര്‍ മരിച്ചു. അവര്‍ക്ക് എന്താണ് കൊടുത്തത് എന്നാണ് ഞാന്‍ ചോദിച്ചത്. അതിന്റെ പേരില്‍ എന്നെ അകത്തിടും എന്ന് സുധീരന്‍ പറഞ്ഞു. അന്നും സുധീരന്‍ പണിവെച്ചു. ഇപ്പോള്‍ സുധീരന്‍ പണി തുടങ്ങിയത് ഭരണം വന്നപ്പോഴാണ്': വെളളാപ്പളളി നടേശന്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയോടും ഒരു വിധേയത്വവും തനിക്കില്ലെന്നും താന്‍ ഒരു പാര്‍ട്ടിയുടേതും വാലോ ചൂലോ ഒന്നും അല്ലെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. തനിക്ക് പാര്‍ലമെന്ററി മോഹമില്ലെന്നും ഉളളത് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുല്യനീതി വേണം എന്ന് പറയുമ്പോള്‍ താന്‍ ജാതിവാദിയാവുകയാണെന്നും താന്‍ ഒറ്റയാള്‍ പട്ടാളമാണെന്നും വെളളാപ്പളളി പറഞ്ഞു.

തന്നെ വേട്ടയാടുന്നത് സമുദായത്തില്‍ നിന്നുളള കുലംകുത്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്മഭൂഷന്‍ തനിക്ക് ലഭിച്ചതല്ലെന്നും എസ്എന്‍ഡിപി എന്ന സംഘടനയ്ക്ക് ലഭിച്ചതാണെന്നും വെളളാപ്പളളി പറഞ്ഞു. സമുദായത്തെ സാമ്പത്തികമായി ഉയര്‍ത്താന്‍ താന്‍ ശ്രമിച്ചെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കെട്ടിപ്പടുത്തതിന് തനിക്ക് ലഭിച്ച അംഗീകാരമാണ് പത്മഭൂഷണെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികരണവുമായി വെളളാപ്പളളി നടേശന്റെ മകനും ബിഡിജെഎസ് ദേശീയ അധ്യക്ഷനുമായ തുഷാര്‍ വെളളാപ്പളളിയും രംഗത്തെത്തി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പിതാവ് പത്മഭൂഷന്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന സമയത്ത് അനാവശ്യ വാര്‍ത്ത സൃഷ്ടിച്ചതാണ് എന്നുമാണ് തുഷാര്‍ വെളളാപ്പളളി പറഞ്ഞത്.

വിദ്യാഭ്യാസം എന്ന ഗുരുദേവ ദര്‍ശനം നടപ്പിലാക്കിയ ആളാണ് വെളളാപ്പളളി നടേശനെന്നും എസ്എന്‍ഡിപി യോഗവുമായി തട്ടിപ്പിനോ കേസിനോ യാതൊരു ബന്ധവുമില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. 'ചില യൂണിയനുകള്‍ ക്രമക്കേട് നടത്തി. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

വിഎം സുധീരന് എസ്എന്‍ഡിപിയെക്കുറിച്ച് എന്തറിയാണെന്നും അദ്ദേഹം ചോദിച്ചു. കെ കെ മഹേശനെതിരെയും തുഷാര്‍ പ്രതികരിച്ചു. ഇതിലും വലിയ യുദ്ധം കഴിഞ്ഞാണ് ഇവിടെ വന്ന് നില്‍ക്കുന്നത് എന്നാണ് തുഷാര്‍ വെളളാപ്പളളി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367415/general-secretary-vellapally-natesan-made-derogatory-remarks-against-kk-mahesan-who-was-also-a-microfinance-coordinator)