---
title: "സ്വർണക്കടത്ത് തടയാൻ പോലീസിന്റെ വല; കരിപ്പൂരിൽ കോടികളുടെ സ്വർണ മിശ്രിതവുമായി കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Kannur native arrested with gold mixture worth crores in Karipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367400/kannur-native-arrested-with-gold-mixture-worth-crores-in-karipur"
published_at: "2026-06-21T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c8f0bc4c8_AIRPORT.jpg"
keywords: ["Karipur International Airport", "gold mixture", "Kannur native"]
---

# സ്വർണക്കടത്ത് തടയാൻ പോലീസിന്റെ വല; കരിപ്പൂരിൽ കോടികളുടെ സ്വർണ മിശ്രിതവുമായി കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ** കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലവരുന്ന സ്വർണ മിശ്രിതം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റാസൽഖൈമയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി തസ്‌ലീമിനെയാണ് പോലീസ് പിടികൂടിയത്.

## Article Content

**കോഴിക്കോട്: ** കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലവരുന്ന സ്വർണ മിശ്രിതം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റാസൽഖൈമയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി തസ്‌ലീമിനെയാണ് പോലീസ് പിടികൂടിയത്.

റാസൽഖൈമയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

നാല് ക്യാപ്സൂളുകളുടെ രൂപത്തിലാക്കിയ സ്വർണ മിശ്രിതമാണ് തസ്‌ലീം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന്, ഇയാളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി കാത്തുനിന്നിരുന്ന കോഴിക്കോട് വടകര, കൊയിലാണ്ടി സ്വദേശികളായ രണ്ടുപേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണ മിശ്രിതം വേർതിരിച്ചെടുത്ത് യഥാർഥ തൂക്കം തിട്ടപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിലെ കസ്റ്റംസിന്റെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി യാതൊരു തടസവുമില്ലാതെ ടെർമിനലിന് പുറത്തിറങ്ങിയ ശേഷമാണ് തസ്‌ലീം പൊലീസിന്റെ പിടിയിലാകുന്നത്. അത്യാധുനിക സ്കാനിങ് സംവിധാനങ്ങൾ ഉൾപ്പെടെ നിലവിലുള്ളപ്പോൾ കോടിക്കണക്കിന് രൂപയുടെ സ്വർണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ശക്തമാക്കുന്നുണ്ട്.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടക്കുന്ന സ്വർണക്കടത്തുകാരെ വിമാനത്താവളത്തിന് പുറത്തുവെച്ച് ജില്ലാ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടുന്നത് കരിപ്പൂരിൽ പതിവായിരിക്കുകയാണ്. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ യഥാർഥ ഉറവിടം, നിക്ഷേപകർ, ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ എന്നിവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367400/kannur-native-arrested-with-gold-mixture-worth-crores-in-karipur)