---
title: "ഒന്ന് ഗോവയ്ക്ക് വിട്ടാലോ! സാവോ ജോവോ ആഘോഷത്തിമിർപ്പിലേക്ക് ഗോവ, ഇത്തവണ ഡിജിറ്റൽ ടച്ച്"
english_title: "Goa, Sao Joao celebration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367365/goa-sao-joao-celebration"
published_at: "2026-06-21T14:32:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a90d2c325_goa.jpg"
keywords: ["Latest News", "Travel News", "Goa", "Sao Joao Celebration"]
---

# ഒന്ന് ഗോവയ്ക്ക് വിട്ടാലോ! സാവോ ജോവോ ആഘോഷത്തിമിർപ്പിലേക്ക് ഗോവ, ഇത്തവണ ഡിജിറ്റൽ ടച്ച്

> **Lead Summary:** **[**മൺസൂണിന്റെ പച്ചപ്പിൽ ഗോവയെ ആവേശത്തിലാഴ്ത്തുന്ന 'സാവോ ജോവോ' പെരുന്നാളിനായി ഒരുക്കങ്ങൾ പൂർത്തിയായി. സ്നാപക യോഹന്നാന്റെ സ്മരണയ്ക്കായി നടക്കുന്ന ഈ ആഘോഷം ഈ മാസം 24-നാണ് അരങ്ങേറുക.

## Article Content

**[**മൺസൂണിന്റെ പച്ചപ്പിൽ ഗോവയെ ആവേശത്തിലാഴ്ത്തുന്ന 'സാവോ ജോവോ' പെരുന്നാളിനായി ഒരുക്കങ്ങൾ പൂർത്തിയായി. സ്നാപക യോഹന്നാന്റെ സ്മരണയ്ക്കായി നടക്കുന്ന ഈ ആഘോഷം ഈ മാസം 24-നാണ് അരങ്ങേറുക.

പൂക്കൾകൊണ്ടുണ്ടാക്കിയ കിരീടങ്ങൾ അണിഞ്ഞ്, നാടൻപാട്ടുകൾ പാടി ജലാശയങ്ങളിലേക്ക് എടുത്തുചാടുന്നതാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകർഷണം. ജൂൺ 23 വൈകുന്നേരം മുതൽ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വടക്കൻ ഗോവയിലെ സിയോലിം ആണ് ആഘോഷങ്ങളുടെ പ്രഭവകേന്ദ്രം.

ഇത്തവണത്തെ ആഘോഷങ്ങളിൽ സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ വിരുന്നിന്റെയും അകമ്പടിയുണ്ടാകും. ഗോവൻ സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന പൂക്കളുടെ ഡിജിറ്റൽ ബാക്ക്‌ഡ്രോപ്പുകളും പ്രത്യേകം രൂപകൽപന ചെയ്ത 3D പ്രോപ്പുകളും സിയോലിമിലെ വേദിയിൽ പ്രത്യേകതയായിരിക്കും.

ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ മ്യൂസിക് ട്രാക്കുകളും നൃത്തചുവടുകളും ഒരുക്കിയിട്ടുണ്ട്. ബോട്ട് പരേഡിൽ പങ്കെടുക്കുന്ന ഓരോ ബോട്ടുകളുടെയും വിവരങ്ങൾ തത്സമയം ഡിജിറ്റൽ സ്ക്രീനുകളിൽ തെളിയും.

കൂടാതെ, ലോകമെമ്പാടുമുള്ളവർക്ക് ഈ കാഴ്ചകൾ തത്സമയം ആസ്വദിക്കാൻ വയർലെസ് ക്യാമറകൾ ഉപയോഗിച്ചുള്ള ലൈവ് സ്ട്രീമിംഗും സംഘാടകർ ഒരുക്കുന്നുണ്ട്. പ്രശസ്ത മ്യൂസിക് ബാൻഡ് 'ബ്ലാക്ക് ഇൻ വൈറ്റ്' സംഗീതപരിപാടിയുമായി വേദിയിലെത്തും.

കുടുംബങ്ങൾക്ക് സുരക്ഷിതമായി പങ്കെടുക്കാവുന്ന രീതിയിൽ മദ്യരഹിത ആഘോഷമായാണ് ഇത്തവണ സാവോ ജോവോ സംഘടിപ്പിക്കുന്നത്. ബോട്ട് പരേഡിലെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ബോട്ടുകളിൽ സ്പോൺസർമാരുടെ ലോഗോകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഈ വർഷത്തെ സാവോ ജോവോ പെരുന്നാൾ സഞ്ചാരികൾക്ക് വ്യത്യസ്തമായൊരു അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367365/goa-sao-joao-celebration)