---
title: "കള്ളവണ്ടി കയറാൻ നോക്കണ്ട മക്കളേ! ടിക്കറ്റില്ലാത്തവർക്കുള്ള പിഴ ഇരട്ടിയാക്കി റെയിൽവേ; മിനിമം പിഴ 500 രൂപ "
english_title: "Fines for those without tickets, Minimum fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367356/fines-for-those-without-tickets-minimum-fine"
published_at: "2026-06-21T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a2bf52ffa_trainn.jpg"
keywords: ["Latest News", "Indian Railway", "Fine", "Delhi"]
---

# കള്ളവണ്ടി കയറാൻ നോക്കണ്ട മക്കളേ! ടിക്കറ്റില്ലാത്തവർക്കുള്ള പിഴ ഇരട്ടിയാക്കി റെയിൽവേ; മിനിമം പിഴ 500 രൂപ 

> **Lead Summary:** **ദില്ലി: [**[ ]ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത പിഴ നൽകേണ്ടി വരും. ടിക്കറ്റില്ലാത്ത യാത്രകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ റെയിൽവേ മന്ത്രാലയം പിഴത്തുക ഇരട്ടിയാക്കി.

## Article Content

**ദില്ലി: [**[ ]ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത പിഴ നൽകേണ്ടി വരും. ടിക്കറ്റില്ലാത്ത യാത്രകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ റെയിൽവേ മന്ത്രാലയം പിഴത്തുക ഇരട്ടിയാക്കി.

നിലവിൽ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായിരിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ അടിയന്തര ഇടപെടൽ.

യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ കൃത്യമായ ടിക്കറ്റ് എടുക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോണിൽ നിന്ന് 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരെയാണ് അധികൃതർ പിടികൂടിയത്.

ഇവരിൽ നിന്ന് 40.85 കോടി രൂപ പിഴയായി ഈടാക്കിയതായും റെയിൽവേ വ്യക്തമാക്കി. ഈ വരുമാന നഷ്ടം ഒഴിവാക്കാനും ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും കടുത്ത പിഴ ആവശ്യമാണെന്ന് അധികൃതർ വിലയിരുത്തുന്നു.

1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ പ്രകാരമുള്ള കുറഞ്ഞ പിഴത്തുകയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ജൂൺ 19-ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് റെയിൽവേ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്.

പിഴത്തുക വർധിപ്പിക്കുന്നത് വഴി ടിക്കറ്റെടുക്കാതെ ട്രെയിനുകളിൽ കയറുന്ന പ്രവണതയ്ക്ക് വലിയൊരളവോളം തടയിടാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ. നിയമനടപടികൾ ഒഴിവാക്കാൻ യാത്രക്കാർ ടിക്കറ്റുകൾ കൈവശം വെക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367356/fines-for-those-without-tickets-minimum-fine)