---
title: "20 വർഷത്തെ ഒളിവ് ജീവിതം അവസാനിച്ചു; നിരോധിത മണിപ്പൂർ പിഎൽഎ 'ലഫ്റ്റനന്റ് കേണൽ' പിടിയിൽ"
english_title: "Manipur PLA leader arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367349/manipur-pla-leader-arrested"
published_at: "2026-06-21T13:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698187ec7608c_riyadh_areested.jpg"
keywords: ["Latest News", "Manipur", "PLA Leader Arrested"]
---

# 20 വർഷത്തെ ഒളിവ് ജീവിതം അവസാനിച്ചു; നിരോധിത മണിപ്പൂർ പിഎൽഎ 'ലഫ്റ്റനന്റ് കേണൽ' പിടിയിൽ

> **Lead Summary:** പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മുതിർന്ന നേതാവ് 20 വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ സുരക്ഷാ സേനയുടെ പിടിയിലായി. സംഘടനയുടെ ‘ലഫ്റ്റനന്റ് കേണൽ’ പദവിയിലുള്ള നോങ്തോങ്ബാം ഇംഗോയാണ് അറസ്റ്റിലായത്. ഇയാളെ തുടരന്വേഷണങ്ങൾക്കായി മണിപ്പൂർ പോലീസിന് കൈമാറിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

## Article Content

പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മുതിർന്ന നേതാവ് 20 വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ സുരക്ഷാ സേനയുടെ പിടിയിലായി. സംഘടനയുടെ ‘ലഫ്റ്റനന്റ് കേണൽ’ പദവിയിലുള്ള നോങ്തോങ്ബാം ഇംഗോയാണ് അറസ്റ്റിലായത്. ഇയാളെ തുടരന്വേഷണങ്ങൾക്കായി മണിപ്പൂർ പോലീസിന് കൈമാറിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത കേസുകൾ ചുമത്തപ്പെട്ട ഇയാൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. ജൂൺ 16-നാണ് ഗോവയിലെത്തിയതായി വിവരം ലഭിച്ചത്. ജൂൺ 5-ന് മണിപ്പൂരിൽ പണം തട്ടൽ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരിൽ നിന്നാണ് നോങ്തോങ്ബാം ഇംഗോയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വെള്ളിയാഴ്ച സൗത്ത് ഗോവയിലെ മഡ്ഗാവ് ടൗണിൽ വെച്ചാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മണിപ്പൂരിലെ തൗബാൽ ജില്ലയിലുള്ള ലിലോങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് നോങ്തോങ്ബാം ഇംഗോയെ പ്രധാനമായും പൊലീസ് തെരയുന്നത്. ലാൽ എന്നും കൃഷ്ണ എന്നുമുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എൻ ബിഷേശ്വർ സിംഗിന്റെ നേതൃത്വത്തിൽ 1978 സെപ്റ്റംബർ 25-നാണ് മണിപ്പൂര്‍ പീപ്പിൾസ് ലിബറേഷൻ ആര്‍മി രൂപീകൃതമാകുന്നത്. മണിപ്പൂരിന്റെ മോചനമായിരുന്നു ആവശ്യം. 1989-ൽ ഈ സംഘടന തങ്ങളുടെ രാഷ്ട്രീയ വിഭാഗമായി റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (RPF) രൂപീകരിച്ചു. ഈ സംഘടനയെ ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കുകയും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇംഫാൽ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും ശക്തവും പഴയതുമായ നിരോധിത സംഘടനകളിൽ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367349/manipur-pla-leader-arrested)