---
title: "ടുണീഷ്യയെ തകർത്ത് ജപ്പാൻ; ഏതിരില്ലാത്ത നാല് ഗോളുകൾ, കോച്ചിനെ മാറ്റിയിട്ടും രക്ഷയില്ലാതെ ടുണീഷ്യ പുറത്തേക്ക്"
english_title: "Tunisia Japan match, Tunisia out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367345/tunisia-japan-match-tunisia-out"
published_at: "2026-06-21T13:37:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379c2e7c372_JAPAN.jpg"
keywords: ["Latest News", "Tunisia Japan Match", "Fifa Worls Cup 2026"]
---

# ടുണീഷ്യയെ തകർത്ത് ജപ്പാൻ; ഏതിരില്ലാത്ത നാല് ഗോളുകൾ, കോച്ചിനെ മാറ്റിയിട്ടും രക്ഷയില്ലാതെ ടുണീഷ്യ പുറത്തേക്ക്

> **Lead Summary:** **മെക്‌സിക്കോ സിറ്റി: [ **ഫിഫ ലോകകപ്പിൽ ടുണീഷ്യയ്‌ക്കെതിരെ തകർപ്പൻ ജയം നേടി ജപ്പാൻ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ടുണീഷ്യയെ പരാജയപ്പെടുത്തിയത്.

## Article Content

**മെക്‌സിക്കോ സിറ്റി: [ **ഫിഫ ലോകകപ്പിൽ ടുണീഷ്യയ്‌ക്കെതിരെ തകർപ്പൻ ജയം നേടി ജപ്പാൻ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ടുണീഷ്യയെ പരാജയപ്പെടുത്തിയത്.

ഇരട്ട ഗോളുകൾ നേടിയ അയാസെ ഉയേഡയും ഓരോ ഗോളുകൾ വീതം നേടിയ ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുമാണ് ജപ്പാന്റെ വിജയം സുഗമമാക്കിയത്. ഈ വിജയത്തോടെ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം കുറിക്കാനും ജപ്പാനായി.

മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ജപ്പാൻ നാലാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. നകാമുറ നൽകിയ ക്രോസ് കമാഡ കൃത്യമായി വലയിലാക്കുകയായിരുന്നു. തുടർന്ന് 31-ാം മിനിറ്റിൽ ഉയേഡയുടെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടർന്ന ജപ്പാൻ 69-ാം മിനിറ്റിൽ ഇറ്റോയിലൂടെ മൂന്നാം ഗോളും, 83-ാം മിനിറ്റിൽ ഉയേഡയുടെ ഹെഡ്ഡറിലൂടെ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു. ടുണീഷ്യയുടെ കോച്ചിനെ മാറ്റി ഹാർവ് റെനാർഡിനെ പുതിയ പരിശീലകനായി നിയമിച്ചിട്ടും ടീമിന്റെ പ്രകടനത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

മുൻപ് സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്ന റെനാർഡിന് കീഴിലും ടീം നിറംമങ്ങി. നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞ ജപ്പാൻ, നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വീഡനെയാണ് ജപ്പാൻ നേരിടുക. പരാജയത്തോടെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367345/tunisia-japan-match-tunisia-out)