---
title: "കണ്ടാൽ പന്നിയുടെ കാല്, വില കേട്ടാൽ തല കറങ്ങും! വാലന്റീനോയുടെ പുതിയ ഹീൽസ്"
english_title: "Valentino's new heels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367344/valentinos-new-heels"
published_at: "2026-06-21T13:37:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379bd9614df_RTERT.jpg"
keywords: ["FASHION", "Valentino's", "NEW HEEL", "TRENDS"]
---

# കണ്ടാൽ പന്നിയുടെ കാല്, വില കേട്ടാൽ തല കറങ്ങും! വാലന്റീനോയുടെ പുതിയ ഹീൽസ്

> **Lead Summary:** **[** അതിരുകടന്ന പരീക്ഷണങ്ങൾ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിക്കുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഒരു സ്ഥിരം വിനോദമാണ്. കുറച്ചുനാൾ മുമ്പ് നഗ്നപാദ ലുക്ക് നൽകുന്ന ബോട്ടിഗ വെന്നെറ്റയുടെ 'ബെയർഫൂട്ട്' സാൻഡലുകളായിരുന്നു തരംഗമെങ്കിൽ, ഇത്തവണ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത് 'പിഗ് ട്രോട്ടർ ഹീൽസ്' അഥവാ പന്നിയുടെ കുളമ്പിന്റെ ആകൃതിയിലുള്ള ഹൈ ഹീൽസ് ചെരുപ്പുകളാണ്! ദൂരെ നിന്ന് നോക്കിയാൽ മനുഷ്യന്റെ കാലുകൾക്ക് പകരം പന്നിയുടെ കാലുകളാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ പുത്തൻ ട്രെൻഡ്. പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ വാലന്റീനോ ആണ് ഈ പുത്തൻ ഡിസൈനിന് പിന്നിൽ.

## Article Content

**[** അതിരുകടന്ന പരീക്ഷണങ്ങൾ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിക്കുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഒരു സ്ഥിരം വിനോദമാണ്. കുറച്ചുനാൾ മുമ്പ് നഗ്നപാദ ലുക്ക് നൽകുന്ന ബോട്ടിഗ വെന്നെറ്റയുടെ 'ബെയർഫൂട്ട്' സാൻഡലുകളായിരുന്നു തരംഗമെങ്കിൽ, ഇത്തവണ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത് 'പിഗ് ട്രോട്ടർ ഹീൽസ്' അഥവാ പന്നിയുടെ കുളമ്പിന്റെ ആകൃതിയിലുള്ള ഹൈ ഹീൽസ് ചെരുപ്പുകളാണ്! ദൂരെ നിന്ന് നോക്കിയാൽ മനുഷ്യന്റെ കാലുകൾക്ക് പകരം പന്നിയുടെ കാലുകളാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ പുത്തൻ ട്രെൻഡ്. പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ വാലന്റീനോ ആണ് ഈ പുത്തൻ ഡിസൈനിന് പിന്നിൽ.

എന്താണ് ഈ പിഗ് ട്രോട്ടർ ഹീൽസ്?

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചെരുപ്പിന്റെ മുൻഭാഗം സാധാരണ പോലെ റൗണ്ട് ആയോ പോയിന്റഡ് ആയോ ഉള്ള ഡിസൈനല്ല. പകരം പന്നിയുടെ കുളമ്പുകൾ പോലെ നടുഭാഗം പിളർന്ന രീതിയിലാണ് ഇതിന്റെ നിർമിതി. ഇതിൽ പാദത്തിന്റെ മുൻഭാഗത്തായി സുതാര്യമായ ഒരു പോളിമർ സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. ഇത് ധരിക്കുമ്പോൾ കാൽവിരലുകൾ സാധാരണയേക്കാൾ കൂടുതൽ പുറത്തുകാണുകയും, അത് കൃത്യമായി പന്നിയുടെ കാൽപ്പാദങ്ങൾക്ക് സമാനമായ ഒരു വിചിത്ര ലുക്ക് നൽകുകയും ചെയ്യും. ലെതറിലും മികച്ച പ്രീമിയം ഫിനിഷിങ്ങിലും ഒരുക്കിയിരിക്കുന്ന ഈ ചെരുപ്പുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപയോടടുത്താണ് വില!

വളരെ ലളിതമായ ഡിസൈനുകൾ പിന്തുടരുന്ന കാലം കഴിഞ്ഞെന്നും, ആളുകളെ അമ്പരപ്പിക്കുന്ന വന്യമായ ഡിസൈനുകൾക്കാണ് (Avant-garde fashion) ഇനി വിപണിയെന്നും ലക്ഷ്വറി ബ്രാൻഡുകൾ അടിവരയിടുന്നു. വസ്ത്രധാരണത്തിൽ വെറൈറ്റി ആഗ്രഹിക്കുന്ന സെലിബ്രിറ്റികളെയും മോഡലുകളെയും ലക്ഷ്യമിട്ടാണ് ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോള പോപ്പ് താരം ടൈല, പ്രശസ്ത മോഡൽ ഹെയ്‌ലി ബീബർ തുടങ്ങി അന്താരാഷ്ട്ര ഫാഷൻ രംഗത്തെ പ്രമുഖർ ഇതിനകം തന്നെ ഈ വാലന്റീനോ ഹീൽസ് ധരിച്ച് പൊതുവേദികളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

ഫാഷൻ ലോകത്തെ ഈ വിചിത്ര മൃഗശാല ഇവിടെക്കൊണ്ടും തീരുന്നില്ല. പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഷിയാപറെല്ലി (Schiaparelli) ഈയിടെ പുറത്തിറക്കിയ 'സ്ഫിൻക്സ്' (Sphynx) ഹീൽസ് ആണ് മറ്റൊരു താരം. സാധാരണ കിറ്റൺ ഹീൽസിന്റെ മുൻഭാഗത്ത് ദേഷ്യപ്പെട്ട് നിൽക്കുന്ന പൂച്ചയുടെ മുഖമാണ് ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂച്ചയുടെ പല്ലും മീശയുമടക്കം ഹൈപ്പർ-റിയലിസ്റ്റിക് ആയി റെസിൻ ഉപയോഗിച്ച് നിർമിച്ച ഈ ചെരുപ്പുകളും ഫാഷൻ ലോകത്ത് വൻ ചർച്ചയാണ്.

ഈ പുത്തൻ ഡിസൈനുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയരുന്നത്. ലക്ഷങ്ങൾ മുടക്കി കാലുകൾ പന്നിയുടെ കുളമ്പ് പോലെയാക്കാൻ ആർക്കെങ്കിലും ഭ്രാന്തുണ്ടാകുമോ എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. എന്നാൽ ഫാഷൻ നിരൂപകർ ഇതിനെ വെറുമൊരു ചെരുപ്പായല്ല, മറിച്ച് ഒരു 'അബ്സ്ട്രാക്റ്റ് ആർട്ട്' ആയാണ് കാണുന്നത്. മുമ്പ് ബലൻസിയാഗ (Balenciaga) പോലുള്ള ബ്രാൻഡുകൾ ചവറ്റുകുട്ടയുടെ ആകൃതിയിലുള്ള ബാഗുകളും കീറിപ്പറിഞ്ഞ ഷൂസുകളും ഇറക്കി കോടികൾ വാരിയ ചരിത്രം ഇവർ ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഇതിന്റെ വിലയെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ഇൻഫ്ലുവൻസർമാരുടെ കാലുകളിൽ ഈ 'പിഗ് ട്രോട്ടർ ഹീൽസ്' ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367344/valentinos-new-heels)