---
title: "എല്ലാ ചോദ്യങ്ങളും തരാം 30,000 രൂപ തന്നാൽ മതി; നീറ്റ് ചോദ്യപേപ്പർ കാണിച്ച് വീഡിയോ കോൾ, അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Investigation into student receiving video call promising NEET re-exam question paper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367315/investigation-into-student-receiving-video-call-promising-neet-re-exam-question-paper"
published_at: "2026-06-21T11:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a377caf6be4b_neet_exam.jpg"
keywords: ["Latest News", "NEET re-exam", "Question Paper", "Police Case"]
---

# എല്ലാ ചോദ്യങ്ങളും തരാം 30,000 രൂപ തന്നാൽ മതി; നീറ്റ് ചോദ്യപേപ്പർ കാണിച്ച് വീഡിയോ കോൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **അജ്മീർ: **നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അന്വേഷണം തുടങ്ങി. ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

## Article Content

**അജ്മീർ: **നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അന്വേഷണം തുടങ്ങി. ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

മുൻ ഡിഎവി കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റും എബിവിപി നേതാവുമായ കൃഷ്ണ സിങ് ഠാക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പരാതി പ്രകാരം, ഞായറാഴ്ച നീറ്റ് പരീക്ഷ എഴുതാനിരുന്ന ഡിഎവി കോളജിലെ ഒന്നാം വർഷ വിദ്യാർഥിക്കാണ് അപരിചിതമായ നമ്പരിൽ നിന്നും കോൾ വന്നത്.

തന്റെ പക്കൽ നീറ്റ് ചോദ്യപേപ്പർ ഉണ്ടെന്നും പരീക്ഷക്ക് മുമ്പ് ഇത് നൽകാമെന്നുമാണ് വിളിച്ചയാൾ അവകാശപ്പെട്ടത്. വിദ്യാർഥി തെളിവ് ആവശ്യപ്പെട്ടപ്പോൾ, ഇയാൾ വീഡിയോ കോളിലൂടെ ചോദ്യപേപ്പർ കാണിച്ചു കൊടുക്കുകയായിരുന്നു.

തുടർന്ന് ഇതേ നമ്പറിൽ നിന്ന് കൃഷ്ണ സിങ് ഠാക്കൂറിനും കോൾ ലഭിച്ചു. 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ കൈമാറാമെന്ന് അറിയിച്ച തട്ടിപ്പുകാരൻ പണം അയക്കാനായി ഒരു ഓൺലൈൻ പേയ്മെന്റ് നമ്പറും നൽകി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത ഠാക്കൂർ ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്.

പരാതി ലഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അഡീഷണൽ എസ്പി ഹിമാൻഷു ജാഗിദ് സ്ഥിരീകരിച്ചു. വിളിച്ചയാളെ കണ്ടെത്താനും വീഡിയോ കോളിൽ കാണിച്ച ചോദ്യപേപ്പറിന്റെ വിശ്വാസ്യത പരിശോധിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ ഭയപ്പെടുത്തി പണം തട്ടാനുള്ള ഒരു വ്യാജ ശ്രമം മാത്രമാകാം ഇതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367315/investigation-into-student-receiving-video-call-promising-neet-re-exam-question-paper)