---
title: "ഹരിയാനയിൽ ക്യാൻസർ രോഗിയായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചതായി പരാതി; രണ്ട് എ.എസ്.ഐമാർക്ക് സസ്പെൻഷൻ"
english_title: "A complaint has been filed in Haryana that a young man suffering from cancer was molested at a police station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367282/a-complaint-has-been-filed-in-haryana-that-a-young-man-suffering-from-cancer-was-molested-at-a-police-station"
published_at: "2026-06-21T10:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc3d57cfc3_RAPE.jpg"
keywords: ["latest news", "Haryana", "cancer", "police station"]
---

# ഹരിയാനയിൽ ക്യാൻസർ രോഗിയായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചതായി പരാതി; രണ്ട് എ.എസ്.ഐമാർക്ക് സസ്പെൻഷൻ

> **Lead Summary:** കുരുക്ഷേത്ര: **[** ഹരിയാനയിൽ ക്യാൻസർ ബാധിതനായ മുപ്പതുകാരനെ പൊലീസ് സ്റ്റേഷനിൽ വച്ച് മൂന്ന് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തെ തുടർന്ന് എ.എസ്‌.ഐമാരായ സഞ്ജീവ് കുമാർ, രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കുരുക്ഷേത്ര എസ്.പി ചന്ദർ മോഹൻ അറിയിച്ചു.

## Article Content

കുരുക്ഷേത്ര: **[** ഹരിയാനയിൽ ക്യാൻസർ ബാധിതനായ മുപ്പതുകാരനെ പൊലീസ് സ്റ്റേഷനിൽ വച്ച് മൂന്ന് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തെ തുടർന്ന് എ.എസ്‌.ഐമാരായ സഞ്ജീവ് കുമാർ, രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കുരുക്ഷേത്ര എസ്.പി ചന്ദർ മോഹൻ അറിയിച്ചു.

അസ്ഥിയിലെ ക്യാൻസറിന് ചികിത്സയിലുള്ള യുവാവ് ഒരു ബാങ്കിലെ ജീവനക്കാരനാണ്. ജൂൺ 17-ന് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ദ്രി റോഡിലെ ചെക്ക് പോസ്റ്റിൽ വച്ച് പൊലീസുകാർ തടഞ്ഞു. ക്യാൻസർ രോഗിയായതിനാൽ അണുബാധ ഏൽക്കാതിരിക്കാൻ യുവാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു.

ഇതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പൊലീസുകാർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ബലമായി ലാഡ്‌വ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. താൻ ഗുരുതര രോഗിയാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ രോഗത്തെ പരിഹസിക്കുകയും, പിന്നീട് സ്റ്റേഷനിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് യുവാവ് പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം ആരോഗ്യനില വഷളായ യുവാവിനെ കുരുക്ഷേത്രയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ കൈയ്ക്ക് ഒടിവുണ്ടെന്ന് പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. സാറാ അഗർവാൾ സ്ഥിരീകരിച്ചു.

അതേസമയം, പരിശോധനാ സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതായും എസ്.പി പറഞ്ഞു.കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്  മുന്നിൽ മൊഴി നൽകാനും പുതിയ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്ക് വിധേയനാകാനും യുവാവ് നിലവിൽ വിസമ്മതിച്ചിട്ടുണ്ട്. സി.എച്ച്.സിയിലും എൽ.എൻ.ജെ.പി ആശുപത്രിയിലും ഇതിനകം പരിശോധനകൾ കഴിഞ്ഞതാണെന്നാണ് യുവാവിന്റെ നിലപാട്. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367282/a-complaint-has-been-filed-in-haryana-that-a-young-man-suffering-from-cancer-was-molested-at-a-police-station)