---
title: "ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി താമരശേരി സ്വദേശി പിടിയിൽ"
english_title: "Drug Trafficking, MDMA, Kozhikode, Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367274/drug-trafficking-mdma-kozhikode-arrest"
published_at: "2026-06-21T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3761cb79b81_21.jpg"
keywords: ["Latest News", "Drug Trafficking", "MDMA", "Kozhikode", "Arrest"]
---

# ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി താമരശേരി സ്വദേശി പിടിയിൽ

> **Lead Summary:** കോഴിക്കോട്: കോടഞ്ചേരിയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച വൻ ലഹരിമരുന്ന്‌ ശേഖരവുമായി ഒരാളെ പൊലീസ് പിടികൂടി. താമരശേരി അണ്ടോണ സ്വദേശി ലക്ഷംവീട്ടിൽ അണ്ടോണ മുഹമ്മദിനെ ആണ് കോടഞ്ചേരി എസ്.ഐ കെ.എസ്. ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

കോഴിക്കോട്: കോടഞ്ചേരിയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച വൻ ലഹരിമരുന്ന്‌ ശേഖരവുമായി ഒരാളെ പൊലീസ് പിടികൂടി. താമരശേരി അണ്ടോണ സ്വദേശി ലക്ഷംവീട്ടിൽ അണ്ടോണ മുഹമ്മദിനെ ആണ് കോടഞ്ചേരി എസ്.ഐ കെ.എസ്. ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്.

കൂടത്തായിയിലുള്ള വാടകകെട്ടിടത്തിൽനിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 52 ഗ്രാം എംഡിഎംഎയും മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. വിൽപ്പനക്കായുള്ള നിരവധി പ്ലാസ്റ്റിക് കവറുകളും ഡിജിറ്റൽ ത്രാസുകളും കണ്ടെടുത്തിട്ടുണ്ട്‌. ആറുമാസംമുമ്പ്‌ കോഴിക്കോട് കസബ പൊലീസ് ഇയാളെ 10 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.

വീട്ടിൽ മുമ്പ്‌ പൊലീസ് സംഘം പരിശോധന നടത്തിയതിനെ തുടർന്നാണ് രഹസ്യമായി വാടക റൂമെടുത്ത് കച്ചവടം നടത്തിയത്. താമരശേരി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് ടൗൺ എന്നിവിടങ്ങളിലുള്ള വിദ്യാർഥികൾ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. പ്രതിയെ ഞായർ താമരശേരി കോടതിയിൽ ഹാജരാക്കും.

എഎസ്ഐ സിന്ധു, സീനിയർ സിപിഒമാരായ എൻ എസ് ഷഫീക്, മുഹമ്മദ് ഫാസിൽ, എൻ കെ മുനീർ, ഹോം ഗാർഡ് എം കെ ബേബി, ഡൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ, സീനിയർ സിപിഒ ജിനീഷ് പി പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367274/drug-trafficking-mdma-kozhikode-arrest)