---
title: "വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം നൽകിയില്ല, പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം"
english_title: "promises broken pulikkali gangs union minister of state suresh gopi financial assistance protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367259/promises-broken-pulikkali-gangs-union-minister-of-state-suresh-gopi-financial-assistance-protests"
published_at: "2026-06-21T08:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37543d583b8_suresh_gopi.jpg"
keywords: ["Latest News", "Union Minister Of State", "Suresh Gopi", "Financial Assistance", "Pulikkali"]
---

# വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം നൽകിയില്ല, പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം

> **Lead Summary:** തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലികളി സംഘങ്ങൾക്ക് നൽകിയ വാഗ്ദാനം പാഴായതായി പരാതി. വിവിധ സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ജില്ലാ കലക്ടറെ നേരിൽ കണ്ട് വിഷയത്തിൽ പരാതി അറിയിച്ച പുലികളി സംഘങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

## Article Content

തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലികളി സംഘങ്ങൾക്ക് നൽകിയ വാഗ്ദാനം പാഴായതായി പരാതി. വിവിധ സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ജില്ലാ കലക്ടറെ നേരിൽ കണ്ട് വിഷയത്തിൽ പരാതി അറിയിച്ച പുലികളി സംഘങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഓണം നാളുകളിലെ പ്രധാന ആഘോഷമാണ് പുലികളി. എന്നാൽ, വർഷങ്ങളായി തൃശൂരിലെ പുലികളി സംഘങ്ങൾ നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്.

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ കേന്ദ്ര സർക്കാർ സഹായം ഉറപ്പാക്കുമെന്നായിരുന്നു തൃശൂർ എം.പി.യും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നൽകിയിരുന്ന ഉറപ്പ്. ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നത്.

കഴിഞ്ഞ ഓണക്കാലത്ത് ഓരോ സംഘങ്ങൾക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നൽകുമെന്നാണ് കേന്ദ്രസഹമന്ത്രിയുടെ വാഗ്ദാനം. തുക ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതനുസരിച്ച് പല സംഘങ്ങളും രേഖകൾ കൈമാറിയിരുന്നെങ്കിലും പണം മാത്രം ലഭിച്ചില്ലെന്നാണ് സംഘങ്ങൾ പറയുന്നത്.

സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കാര്യത്തിൽ തുടർ നടപടികളില്ലാതായതോടെ പുലികളി സംഘം ഭാരവാഹികൾ കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ കലക്ടറെ നേരിൽ കാണുകയും പരാതി അറിയിക്കുകയും ചെയ്തു. പ്രശ്നങ്ങൾക്ക് പരിഹാരമില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പുലികളി സംഘങ്ങളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367259/promises-broken-pulikkali-gangs-union-minister-of-state-suresh-gopi-financial-assistance-protests)