---
title: "കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ"
english_title: "NEET re-exam today amid tight security"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367244/neet-re-exam-today-amid-tight-security"
published_at: "2026-06-21T06:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3570ef38c43_neet.jpg"
keywords: ["Latest News", "NEET Re-Exam", "NTA"]
---

# കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ

> **Lead Summary:** ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.

## Article Content

ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.

ഈ പരീക്ഷയുടെ ചോദ്യപേപ്പർ എങ്കിലും ചോരില്ലെന്ന വിശ്വാസത്തിൽ വിദ്യാർത്ഥികൾ ഇന്ന് പരീക്ഷ ഹാളിലേക്ക് എത്തുകയാണ്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അർദ്ധസൈനികരെയും വിന്യസിച്ചു.

ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അർധ സൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിട്ടുണ്ട്.

ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ എൻടിഎ പ്രത്യേക സംഘം ഉണ്ടായിരിക്കും. സമൂഹമാധ്യമ നിരീക്ഷണത്തിന് ഹൈ-ലെവൽ മോണിറ്ററിങ് സെന്റർ. 674 സിറ്റി കോർഡിനേറ്റർമാരും പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടത്തിനായി 6,669 നിരീക്ഷകരും ഉൾപ്പെടുന്നു.

അങ്ങനെ പഴുതടച്ചുള്ള ക്രമീകരണങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്കായി യുദ്ധക്കാല അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് നടന്നത്. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകൾ എത്തിച്ചത്. പരീക്ഷയ്കക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ ദേശീയ പരീക്ഷ ഏജൻസി പുറത്തിറക്കി.

ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. രാവിലെ പതിനൊന്ന് മണിമുതൽ 1.30 വരെയാണ് പരീക്ഷ ഹാളിലേക്ക് പ്രവേശനം. അതിനുള്ളിൽ പ്രവേശനം ഉറപ്പാക്കണം. പരീക്ഷഹാളിൽ എന്തെങ്കിലും നിയമവിരുദ്ധനടപടികൾക്ക് ശ്രമിച്ചാൽ കർശനനടപടിയെന്നാണ് മുന്നിറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367244/neet-re-exam-today-amid-tight-security)