---
title: "ഹിജാബ് ധരിക്കാതെ പാട്ടുപാടി; പ്രശസ്ത ഇറാനിയൻ ഗായികയ്ക്ക്  74 ചാട്ടവാറടിയും രണ്ട് വർഷത്തെ വിലക്കും വിധിച്ച് ഇറാൻ കോടതി"
english_title: "Iranian singer sentenced to lashing, Iran court, Tehran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367205/iranian-singer-sentenced-to-lashing-iran-court-tehran"
published_at: "2026-06-20T17:46:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a368510bb917_ParastooAhmadi.jpg"
keywords: ["Latest News", "Iran", "No Hijab", "Iran Singer Sentenced", "Parastoo Ahmadi"]
---

# ഹിജാബ് ധരിക്കാതെ പാട്ടുപാടി; പ്രശസ്ത ഇറാനിയൻ ഗായികയ്ക്ക്  74 ചാട്ടവാറടിയും രണ്ട് വർഷത്തെ വിലക്കും വിധിച്ച് ഇറാൻ കോടതി

> **Lead Summary:** ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഗായികയ്ക്കും അവരുടെ പ്രൊഡക്ഷൻ ടീമിലെ എട്ട് അംഗങ്ങൾക്കും ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമേ ഇവർക്ക് രണ്ട് വർഷത്തേക്ക് രാജ്യം വിടുന്നതിനും യാതൊരുവിധ കലാപരമായ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനു വിലക്കുണ്ട്.

## Article Content

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഗായികയ്ക്കും അവരുടെ പ്രൊഡക്ഷൻ ടീമിലെ എട്ട് അംഗങ്ങൾക്കും ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമേ ഇവർക്ക് രണ്ട് വർഷത്തേക്ക് രാജ്യം വിടുന്നതിനും യാതൊരുവിധ കലാപരമായ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനു വിലക്കുണ്ട്.

2024 ഡിസംബറിലാണ് വിവാദങ്ങൾക്ക് കാരണമായ ഓൺലൈൻ സംഗീത പരിപാടി പരസ്തൂവിന്റെ യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്തത്. 'അസ് ഖൂനെ ജവാനാനെ വതൻ' (ദേശസ്നേഹ ഗാനം) എന്ന ഗാനം ആലപിക്കുമ്പോൾ ഹിജാബ് ധരിക്കാതെ, കറുത്ത സ്ലീവ്ലെസ് വസ്ത്രമണിഞ്ഞാണ് പരസ്തൂ പ്രത്യക്ഷപ്പെട്ടത്. കോടിക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ പരസ്തൂവിനെയും ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞരെയും അധികൃതർ തടങ്കലിൽ വെച്ചിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും ഇവർക്കെതിരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സാമൂഹിക മര്യാദകൾ ലംഘിച്ചുവെന്നും 'അശ്ലീലവും അധാർമ്മികവുമായ ഉള്ളടക്കം' നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നുമാണ് കലാകാരന്മാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാൽ ഈ ക്രൂരമായ കോടതി വിധിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഒരു സ്ത്രീ പാടിയതിനും ഹിജാബ് ധരിക്കാത്തതിനും ഇത്രയും കടുത്ത ശിക്ഷ നൽകുന്നത് ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയാണെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. ഇറാനിലെ നിയമപ്രകാരം സ്ത്രീകൾ പാടുന്നതോ സംഗീതം നിർമ്മിക്കുന്നതോ കുറ്റകരമല്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367205/iranian-singer-sentenced-to-lashing-iran-court-tehran)