---
title: "അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനിടെ 60 കിലോ വെള്ളി കാണാതായ സംഭവം; അന്വേഷണം ശക്തമാക്കി എസ്ഐടി "
english_title: "Incident of silver disappearing from Ram temple in Ayodhya "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367200/incident-of-silver-disappearing-from-ram-temple-in-ayodhya"
published_at: "2026-06-20T17:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36825f9b795_llllllll.jpg"
keywords: ["Latest News", "Ayodya Temple", "Silver Missing"]
---

# അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനിടെ 60 കിലോ വെള്ളി കാണാതായ സംഭവം; അന്വേഷണം ശക്തമാക്കി എസ്ഐടി 

> **Lead Summary:** **ലക്നൗ: [** അയോധ്യയിലെ രാമക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്വർണ്ണ-വെള്ളി വ്യാപാരികളുടെ സംഘടനയായ ജ്വല്ലേഴ്‌സ് അസോസിയേഷൻ വഴി നിർമ്മിച്ച് നൽകിയ വെള്ളി കട്ടകളാണ് അപ്രത്യക്ഷമായത്.

## Article Content

**ലക്നൗ: [** അയോധ്യയിലെ രാമക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്വർണ്ണ-വെള്ളി വ്യാപാരികളുടെ സംഘടനയായ ജ്വല്ലേഴ്‌സ് അസോസിയേഷൻ വഴി നിർമ്മിച്ച് നൽകിയ വെള്ളി കട്ടകളാണ് അപ്രത്യക്ഷമായത്.

ഇവ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ കൃത്യമായ രസീതുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ക്ഷേത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലൊന്നും ഈ വെള്ളി കട്ടകൾ കണ്ടെത്താനായില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.

ലക്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരൺ എസ്, സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിന്റെ ഭാഗമായി രാംശങ്കർ യാദവ്, കൃഷ്ണദേവ് തിവാരി തുടങ്ങിയ ജീവനക്കാരെയും നാല് പൂജാരിമാരെയും കൂടാതെ, ക്ഷേത്ര ട്രസ്റ്റിലെ ഡോ. അനിൽ മിശ്രയെയും പോലീസ് ചോദ്യം ചെയ്തു.

ക്ഷേത്രത്തിലെ ആഭരണങ്ങൾ, വഴിപാടുകൾ, പണപ്പിരിവ് എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവും ശക്തമാണ്. യഥാർത്ഥ സ്വർണ്ണ-വെള്ളി ആഭരണങ്ങൾക്ക് പകരം വ്യാജമായവ വെച്ചുവെന്നും പണം വകമാറ്റിയെന്നുമാണ് പ്രധാന ആക്ഷേപം.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഈ വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരികയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതോടെ സംഭവം കൂടുതൽ ചർച്ചയായി.

തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

എസ്‌ഐടി അന്വേഷണത്തിന് 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും അതിനുമുമ്പ് അയോധ്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367200/incident-of-silver-disappearing-from-ram-temple-in-ayodhya)